| Thursday, 22nd January 2015, 4:42 pm

ഐ.പി.എല്‍ വാതുവെയ്പ്: രാജ്കുന്ദ്രയും ഗുരുനാഥ് മെയ്യപ്പനും കുറ്റക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെയ്പ് കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ്കുന്ദ്ര, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമകളില്‍ ഒരാളായ ഗുരുനാഥ് മെയ്യപ്പന്‍ എന്നിവര്‍ കുറ്റക്കാരെന്ന് സുപ്രീം കോടതി കണ്ടെത്തി. അതേ സമയം എന്‍. ശ്രീനിവാസനെതിരായ ആരോപണങ്ങള്‍ തെളിയിക്കാനായില്ലെങ്കിലും അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കുകയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് കൂടാതെ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്നും ശ്രീനിവാസന് സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തി.

ബി.സി.സി.ഐ ഒരു പൊതു സ്ഥാപനമാണെന്നും ഇതിന്റെ നടപടികള്‍ നിയമവ്യവസ്ഥക്ക് വിധേയമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സാമ്പത്തിക താല്‍പര്യങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ആര്‍ക്കും തന്നെ ബി.സി.സി.ഐ പദവികളിലേക്ക് മത്സരിക്കാന്‍ അനുവാദമില്ലെന്നും കോടതി പറഞ്ഞു. 130 പേജുകള്‍ വരുന്ന വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചത്. വാതുവെയ്പുമായി ബന്ധപ്പെട്ട് ജസ്റ്റിസ് മുകുള്‍ മുഗ്ദല്‍ കണ്ടെത്തിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ വിധിന്യായം.

ബി.സി.സി.ഐ അംഗങ്ങള്‍ക്ക് ഐ.പി.എല്‍ ടീമുകളുടെ ഉടമസ്ഥതാവകാശം നല്‍കുന്ന വിവാദ ഭേതഗതിയും കോടതി റദ്ദാക്കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെയുള്ള ശിക്ഷ തീരുമാനിക്കുന്നതിനായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആര്‍.എം ലോധയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെയും സുപ്രീം കോടതി നിയോഗിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more