| Tuesday, 2nd April 2019, 9:29 am

രാഷ്ട്രീയക്കാര്‍ക്കുവേണ്ടി പൊലീസ് ഗുണ്ടകളെ സഹായിക്കുകയാണ്: നീതി ലഭിച്ചില്ലെങ്കില്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ഹോളി ദിനത്തില്‍ ആക്രമണത്തിന് ഇരയായ മുസ്‌ലിം കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുര്‍ഗോണ്‍: പൊലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് കൂട്ട ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി ഗുരുഗ്രാമില്‍ ഹോളി ദിനത്തില്‍ ആള്‍കൂട്ട ആക്രമണത്തിന് ഇരയായ കുടുംബം. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പൊലീസും പ്രാദേശിക ഭരണകൂടവും ഗുണ്ടകള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

“വിഷയം പൊതുമധ്യത്തിലുണ്ട്. മുന്‍കൂട്ടി പദ്ധതിയിട്ട് ഗുണ്ടകള്‍ എങ്ങനെയാണ് ഞങ്ങളെ ആക്രമിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ജില്ലാ പൊലീസ് ഞങ്ങളെ സഹായിക്കുന്നില്ല. എഫ്.ഐ.ആര്‍ പിന്‍വലിക്കണമെന്ന് ഭീഷണിപ്പെടുത്താന്‍ അക്രമികളെയും അവരുടെ കുടുംബാംഗങ്ങളേയും പൊലീസ് അനുവദിക്കുകയാണ്.” ആക്രമണത്തിന് ഇരയായ മുഹമ്മദ് അക്തര്‍ പറയുന്നു.

Also read:കോണ്‍ഗ്രസ് അധ്യക്ഷന്‍ എവിടെ മത്സരക്കണമെന്ന് നിര്‍ദേശിക്കുന്നത് ഞങ്ങളുടെ പണിയല്ല; മാധ്യമ വാര്‍ത്തയ്‌ക്കെതിരെ വിമര്‍ശനവുമായി യെച്ചൂരി

” അവര്‍ ഞങ്ങളുടെ വീട്ടിലേക്ക് വന്ന് ഞങ്ങളുടെ സ്ത്രീകളേയും പെണ്‍കുട്ടികളേയും ആക്രമിച്ചു. നീതി ലഭിക്കാന്‍ ജില്ലാ ഭരണകൂടവും പൊലീസും ഞങ്ങളെ സഹായിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ കൂട്ട ആത്മഹത്യ ചെയ്യും.” അക്തര്‍ പറഞ്ഞു.

“ഞങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കുടുംബത്തിലെ രണ്ടു യുവാക്കള്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.” എന്നും അദ്ദേഹം പറയുന്നു.

ആക്രമണത്തിന് ഇരയായ മുസ്‌ലിം കേസിലെ പ്രതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിനടക്കം കേസെടുത്തിരുന്നു. രാജ് കുമാര്‍ എന്നയാളാണ് പരാതി നല്‍കിയത്.

Also read:മുരളി ഗോപിയും പ്രിഥ്വിരാജും ലുസിഫറിലൂടെ ഒളിച്ചു കടത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയം

കൂടുതല്‍ അക്രമം ഭയന്ന് ഗുര്‍ഗോണ്‍ വിട്ട് സ്വദേശമായ ഉത്തര്‍ പ്രദേശിലെ ബാഗ്പത്തിലേക്ക് തിരിച്ചുപോവാന്‍ ശ്രമിക്കുമ്പോഴാണ് കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തത്.

മാര്‍ച്ച് 21നാണ് ഗുര്‍ഗാവിലെ ധമാസ്പൂര്‍ ഗ്രാമത്തിലെ മുസ്ലിം കുടുംബത്തെയും വീട്ടിലെത്തിയ അതിഥികളെയും ഒരു സംഘം വീട്ടില്‍ കയറി ആക്രമിച്ചത്. വടികളും മറ്റുമായി വീട്ടില്‍ കയറി 20-25 പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.

പുറത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന ഈ വീട്ടിലെ കുട്ടികളോട് “പോയി പാക്കിസ്ഥാനില്‍ നിന്ന് കളിക്കൂ” വെന്ന് അക്രമിസംഘം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടില്‍ കയറി ആക്രമണം നടത്തിയത്.

ഉത്തര്‍പ്രദേശ് സ്വദേശിയായ മൂന്നു വര്‍ഷമായി കുടുംബസമേതം ഗുര്‍ഗാവില്‍ താമസിക്കുന്ന മുഹമ്മദ് സാജിദിന്റെ കുടുംബമാണ് ആക്രമിക്കപ്പെട്ടത്.

We use cookies to give you the best possible experience. Learn more