ഒരൊറ്റ സിനിമകൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് ഗുരു സോമസുന്ദരം. വാസുദേവ് സനലിന്റെ സംവിധാനത്തില്‍ തിയേറ്റര്‍ റിലീസിനൊരുങ്ങുന്ന ഹയ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. താരത്തിന് പുറമേ ഇന്ദ്രന്‍സ്, ലാല്‍ ജോസ്, ജോണി ആന്റണി, ശ്രീധന്യ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
‘ഹയ’ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഗുരു. പുതിയ കാലഘട്ടത്തിലെ പേരന്റിങ്ങിനെ കുറിച്ച് സംസാരിക്കുന്ന സിനിമയാണ് ഇതെന്നും താരം പറഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഒരു കുട്ടി കരയുമ്പോള്‍ എന്താണ് നമ്മള്‍ ആദ്യം ചെയ്യുക. ഒരു ഫോണ്‍ എടുത്ത് കയ്യില്‍ കൊടുക്കും. ഏതെങ്കിലും വീട്ടില്‍ പോകുമ്പോള്‍ നമ്മുടെ സംസാരത്തെ കുട്ടികള്‍ ശല്യപ്പെടുത്തിയാല്‍, ഉടനെ തന്നെ ഫോണ്‍ എടുത്ത് കയ്യില്‍ കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കലും അങ്ങനെ ചെയ്യരുത്.
ഹയ എന്ന സിനിമയില്‍ അത് മാത്രമല്ല പറഞ്ഞുപോകുന്നത്. അടുത്ത തലമുറയിലേക്ക് വരുമ്പോള്‍, പേരന്റിങ് മാത്രമല്ല കുട്ടികളുടെ ഭാവി തീരുമാനിക്കുന്നത്. കുറേ ആളുകള്‍ ഇപ്പോള്‍ സ്വന്തം നാടുവിട്ട് പുറത്തേക്ക് പോകുന്നുണ്ട്. തമിഴ് നാട്ടിലുള്ളവര്‍ മലേഷ്യ, സിംഗപ്പൂര്‍ പോലെയുള്ള രാജ്യങ്ങളിലേക്ക് പോകുന്നു. ആന്ധ്രയിലുള്ളവര്‍ അമേരിക്കയിലേക്ക് പോകുന്നു.
അതിപ്പോള്‍ കേരളത്തിലാണെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ് പലരും രാജ്യം വിടുന്നത്. ഇങ്ങനെ പോകുന്നവരില്‍ അച്ഛനോ അമ്മയോ മാത്രമാണ് നാട്ടില്‍ ഉണ്ടാവുക. അപ്പോള്‍ മാതാപിതാക്കളുടെ ഉത്തരവാദിത്തംകൂടും. ഇങ്ങനെയുള്ളവര്‍ക്ക് ഒന്നും എങ്ങനെ ഒറ്റക്ക് കുട്ടികളെ വളര്‍ത്തണമെന്ന് അറിയില്ലായിരിക്കും.
അങ്ങനെയുള്ളവര്‍ക്ക് അതൊക്കെ മനസിലാക്കാന്‍ സിനിമയിലൂടെയോ കഥയിലൂടെയോ സാധിക്കും. അങ്ങനെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഒരു അച്ഛനും മകളും താമസിക്കുന്ന വീട് അവിടെ എങ്ങനെയാണ് അവര്‍ ഒരുമിച്ച് പോകുന്നത് തുടങ്ങിയ കാര്യങ്ങളാണ് സിനിമയില്‍ കാണിക്കുന്നത്.
കഥയുടെ ഒഴുക്കിനൊപ്പം ഇത്തരത്തിലൊരു സന്ദേശം കൂടി സിനിമ പങ്കുവെക്കുന്നു. ഇന്നത്തെ തലമുറയോട് വെറുതെ ഒരു സന്ദേശം പറഞ്ഞിട്ട് കാര്യമില്ല. അവര്‍ അതൊന്നും കേള്‍ക്കില്ല. എന്നാല്‍ ഒരു കഥയിലൂടെ പറഞ്ഞു കൊടുക്കുമ്പോള്‍ അഗീകരിക്കപ്പെടും,’ താരം പറഞ്ഞു.