Entertainment
എനിക്ക് ഏറെ ഇഷ്ടപ്പെട്ട മലയാള നടന്‍; അദ്ദേഹത്തിന്റെ കുറേ സിനിമകള്‍ കണ്ടിട്ടുണ്ട്: ഗുരു സോമസുന്ദരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 15, 11:00 am
Saturday, 15th February 2025, 4:30 pm

2008ല്‍ ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത തമിഴ് ഗ്യാങ്ങ്സ്റ്റര്‍ ചിത്രമായ ആരണ്യകാണ്ഡം എന്ന സിനിമയിലൂടെ തന്റെ സിനിമാകരിയര്‍ ആരംഭിച്ച നടനാണ് ഗുരു സോമസുന്ദരം. 2013ല്‍ അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി ചിത്രത്തിലെ സേതുലക്ഷ്മി എന്ന സിനിമയില്‍ ഫോട്ടോഗ്രാഫറുടെ വേഷം ചെയ്തുകൊണ്ടാണ് നടന്‍ മലയാള സിനിമയിലേക്ക് എത്തുന്നത്.

എന്നാല്‍ 2021ല്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളി എന്ന ഒരൊറ്റ ചിത്രത്തിലൂടെയാണ് ഗുരു സോമസുന്ദരം മലയാളികള്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടുന്നത്. സിനിമയില്‍ ഷിബു എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തിയത്.

നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് മലയാളത്തിലെ അഭിനേതാക്കളില്‍ ആരെയാണ് ഇഷ്ടമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഗുരു സോമസുന്ദരം. മോഹന്‍ലാലിന്റെ കുറേ സിനിമകള്‍ താന്‍ കണ്ടിട്ടുണ്ടെന്നും തനിക്ക് വളരെ ഇഷ്ടപ്പെട്ട നടനാണ് മോഹന്‍ലാല്‍ എന്നുമാണ് അദ്ദേഹം പറയുന്നത്.

‘ലാലേട്ടന്റെ കുറേ സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഹിസ് ഹൈനസ് അബ്ദുള്ള, അങ്കിള്‍ ബണ്‍, നമ്പര്‍ 20 മദ്രാസ് മെയില്‍ അങ്ങനെ കുറേ. എനിക്ക് വളരെ ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാല്‍ സാറാണ്,’ ഗുരു സോമസുന്ദരം പറയുന്നു.

നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു. മിന്നല്‍ മുരളി സിനിമ സംവിധാനം ചെയ്തത് ബേസിലായിരുന്നു. ബേസില്‍ ഒരു സ്‌നേഹമുള്ള മനുഷ്യനാണെന്നും മിന്നല്‍ മുരളിയിലെ ബേസിലിന്റെ നേതൃത്വത്തിലുള്ള അഭിനയം ജീവിതത്തിലെ നല്ലൊരു അനുഭവമായിരുന്നെന്നും സോമസുന്ദരം പറഞ്ഞു.

‘അദ്ദേഹം ഒരു സ്‌നേഹമുള്ള മനുഷ്യനാണ്. അദ്ദേഹം സിനിമയെ ഇഷ്ടപ്പെടുന്നു, ആളുകളെ ഇഷ്ടപ്പെടുന്നു. എല്ലാകാര്യങ്ങളും ഇഷ്ടപ്പെടുന്നു. എന്ത് ടെന്‍ഷനാണെങ്കിലും ഏത് സിറ്റുവേഷനിലാണെങ്കിലും ബേസില്‍ എപ്പോഴും മിണ്ടാതിരിക്കും. ചിരി മാത്രം പുറത്തുവരും.

വളരെ സ്‌നേഹമുള്ള വ്യക്തിയാണ് ബേസില്‍. അദ്ദേഹത്തിന്റെ ഒപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായി ഞാന്‍ കരുതുന്നു. ജീവിതത്തില്‍ നല്ലൊരു എക്‌സ്പീരിയെന്‍സായിരുന്നു മിന്നല്‍ മുരളിയിലെ ബേസിലിന്റെ നേതൃത്വത്തിലുള്ള അഭിനയം,’ ഗുരു സോമസുന്ദരം പറയുന്നു.

Content Highlight: Guru Somasundaram Talks About Mohanlal