| Thursday, 30th December 2021, 5:22 pm

പേടി കൊണ്ട് ലെറ്റര്‍ കൊടുക്കാതെ ഓടി, അന്ന് ഞാന്‍ ഏഴാം ക്ലാസില്‍; ബാല്യകാല പ്രണയം തുറന്നുപറഞ്ഞ് ഗുരു സോമസുന്ദരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നായകന്റേതിനെക്കാള്‍ വില്ലന്റെ പ്രണയം ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് മിന്നല്‍ മുരളി. പ്രതിനായകനായ ഷിബുവിന്റെ ആത്മസംഘര്‍ഷങ്ങളും നഷ്ടപ്രണയവും പ്രേക്ഷകരുടെ ഉള്ളില്‍ തട്ടും വിധമാണ് ഗുരു സോമസുന്ദരം പകര്‍ന്നാടിയത്. മിന്നല്‍ മുരളിയുടെ റിലീസിന് പിന്നാലെ ഏറ്റവുമധികം ചര്‍ച്ചയായതും ഗുരുവിന്റെ പ്രകടനമായിരുന്നു.

എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലെ പ്രണയത്തില്‍ പേടി കൊണ്ട് താന്‍ ഓടിപോയിട്ടുണ്ടെന്ന് പറയുകയാണ് ഗുരു സോമസുന്ദരം. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഗുരു ബാല്യകാല പ്രണയത്തെ പറ്റി പറഞ്ഞത്.

‘വണ്‍ സൈഡ് ലവ് ഉണ്ടായിട്ടുണ്ട്. ഞാന്‍ ഒരുപാട് സ്‌നേഹിച്ചിട്ടുണ്ട്. പക്ഷേ മറ്റേയാള്‍ അത് അറിഞ്ഞിട്ടില്ല. എനിക്ക് മാത്രമേ അറിയൂ. അന്ന് ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുകയാണ്. ഒരിടത്ത് അവള്‍ വരാന്‍ വേണ്ടി കാത്തിരുന്നു. അവള്‍ വന്നു. പക്ഷേ പേടി കൊണ്ട് കത്ത് കൊടുക്കാതെ ഞാന്‍ ഓടി പോയി,’ ചിരിച്ചുകൊണ്ട് ഗുരു പറഞ്ഞു.

ചിത്രത്തില്‍ ഏറ്റവുമധികം അഭിനയിക്കാന്‍ പാടുപെട്ട രംഗവും ഉഷയുമായിട്ടുള്ള പ്രണയമായിരുന്നു എന്ന് ഗുരു പറഞ്ഞു. ‘ആ രംഗങ്ങളില്‍ എങ്ങനെ അഭിനയിക്കണം എന്ത് റിയാക്ഷന്‍ കൊണ്ടുവരണമെന്ന് കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. എന്തായാലും ഉഷ വന്നു, ഇനി എന്ത് വന്നാലും ഞാന്‍ നോക്കിക്കോളാം. അത് പിന്നെ റിലാക്‌സ് ആയി ചെയ്തു. മെല്ലെ മുന്നോട്ട് പോകുന്ന രംഗമായിരുന്നു അത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ ഷെല്ലി കിഷോറും ഗുരു സോമസുന്ദരവും അവതരിപ്പിച്ച ചെറിയ കോമ്പിനേഷന്‍ സീന്‍ സമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

ഗുരു സോമസുന്ദരവുമായുള്ള കോമ്പിനേഷന്‍ രംഗം ഒറ്റ ടെയ്ക്കില്‍ സംഭവിച്ച മാജിക്കായിരുന്നെന്ന് ഷെല്ലി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
‘ഗുരു സാറിനെ നേരത്തെ എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹം നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന വ്യക്തിയാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഗുരുസാറുമായുള്ള കോമ്പിനേഷന്‍ സീന്‍ ഒറ്റ ടെയ്ക്കില്‍ സംഭവിച്ചതാണ്.

സമീര്‍ താഹിര്‍ അതിനെ നന്നായി ഒപ്പിയെടുത്തതുകൊണ്ടാണ് അത് ഇത്രയും ഭംഗിയുള്ളതായത്. അതൊരു മാജിക്കായി സംഭവിച്ചിരിക്കുന്നു, ഗുരു അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്നതിന്റെ നൂറ് ശതമാനമാണ് സിനിമക്ക് വേണ്ടി തരുന്നത്. ചെയ്തതില്‍ അദ്ദേഹത്തിന് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അദ്ദേഹം തന്നെ റീ ടെയ്ക്കിനായി ആവശ്യപ്പെടുമെന്നും ഷെല്ലി പറഞ്ഞിരുന്നു.

ബേസിലാണ് ഈ ചിത്രത്തിന്റെ എല്ലാം. അദ്ദേഹം സിനിമയെ നല്ല രീതിയില്‍ കരക്കെത്തിച്ചു. ആര്‍ട്ടിസ്റ്റുകള്‍ക്ക് കഴിയുന്നത് ചെയ്യാനുള്ള ഫ്രീഡം ബേസില്‍ നല്‍കിയിരുന്നെന്നും ഷെല്ലി കൂട്ടിച്ചേര്‍ത്തു.

അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി സിനിമയിലൂടെയാണ് ഗുരു സോമസുന്ദരം മലയാളികള്‍ക്ക് പരിചിതനായത്. തമിഴ്നാട്ടിലെ പ്രശസ്തമായ നാടകസംഘമായ കൂത്തുപ്പട്ടറൈയുടെ ഭാഗമായിട്ടായിരുന്നു അദ്ദേഹത്തിന്റെ കലാജീവിതം ആരംഭിച്ചത്.

2011 ല്‍ ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത ആരണ്യ കാണ്ഡത്തിലൂടെയാണ് ഗുരു സോമസുന്ദരം സിനിമയിലേക്ക് എത്തിയത്. 2016 ല്‍ രാജു മുരുകന്‍ സംവിധാനം ചെയ്ത ജോക്കര്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: guru somasundaram talks about his childhood love affair

We use cookies to give you the best possible experience. Learn more