| Saturday, 31st August 2024, 11:38 am

അന്ന് ലാലേട്ടൻ വിളിച്ചപ്പോൾ എനിക്ക് സന്തോഷവും അഭിമാനവും തോന്നി: ഗുരു സോമസുന്ദരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിന്നൽ മുരളി എന്ന ഒരൊറ്റ ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയ നടനാണ് ഗുരു സോമസുന്ദരം. മുമ്പും മലയാളത്തിൽ സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും മിന്നൽ മുരളിയിലെ ഷിബു എന്ന കഥാപാത്രമാണ് മലയാളികൾക്കിടയിൽ ഗുരു സോമസുന്ദരത്തെ സുപരിചിതനാക്കിയത്.

മിന്നൽ മുരളിക്ക് ശേഷം തന്നെ തേടി വന്നതിലധികവും വില്ലൻ വേഷങ്ങളാണെന്ന് പറയുകയാണ് താരം. ചിത്രത്തിന് ശേഷം താൻ വലിയ തിരക്കിലേക്ക് മാറിയെന്നും എന്നാൽ എല്ലാ സിനിമയും താൻ സ്വീകരിച്ചില്ലെന്നും ഗുരു സോമസുന്ദരം പറഞ്ഞു. മാധ്യമം മാഗസിനോട്‌ സംസാരിക്കുകയായിരുന്നു ഗുരു സോമസുന്ദരം.

‘മിന്നൽ മുരളിക്കു ശേഷം രാവിലെ കുട്ടികൾ സ്കൂളിലേക്ക് പോകും പോലെ ദിവസവും രാവിലെ സെറ്റിലേക്ക് പോകുന്നത്ര തിരക്കിലേക്ക് ഞാൻ മാറി. തേടിയെത്തിയതിൽ അധികവും വില്ലൻ വേഷങ്ങൾ. പക്ഷേ, എല്ലാമൊന്നും ഞാൻ സ്വീകരിച്ചില്ല.

മലയാളത്തിൽ 10 കഥകൾ കേട്ടാൽ അതിൽ ഏഴും മർഡർ മിസ്റ്ററി ആയിരിക്കും. തമിഴിലാണെങ്കിൽ മണി ഹീസ്റ്റ്, ചേസിങ്. ഒരു സിനിമ ഞാൻ സ്വീകരിക്കണമെങ്കിൽ എന്നെ ആവേശം കൊള്ളിക്കുന്ന എന്തെങ്കിലും എലമെൻ്റ് ആ കഥാപാത്രത്തിൽ വേണം. വില്ലൻ വേഷമാണ് ചെയ്യുന്നതെങ്കിലും ആ കഥാപാത്രത്തിൻ്റെ നല്ല ഒരു എലമെന്റ് കൂടി കണ്ടെത്തിയേ അഭിനയ രീതി ഡിസൈൻ ചെയ്യൂ. നല്ല കഥാപാത്രമാണെങ്കിൽ അതിൻ്റെ മോശം എലമെൻ്റും കണ്ടെത്തും,’ഗുരു സോമസുന്ദരം പറഞ്ഞു.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിലേക്ക് അഭിനയിക്കാൻ കഴിഞ്ഞതിന്റെ അനുഭവവും അദ്ദേഹം കൂട്ടിച്ചേർത്തു.

‘എൻ്റെ ഇഷ്ടനടന്മാരിൽ ഒരാളാണ് മോഹൻലാൽ. ഹിസ് ഹൈനസ് അബ്ദുള്ള, അങ്കിൾ ബൺ, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങിയ ചിത്രങ്ങളൊക്കെ തിയേറ്ററിൽ പോയി കണ്ടിട്ടുണ്ട്. ബറോസിൽ അഭിനയിക്കാൻ അദ്ദേഹം വിളിച്ചപ്പോൾ സന്തോഷവും അഭിമാനവുമൊക്കെ തോന്നി.

സൂപ്പർ കൂൾ ഡയറക്ടർ ആണ് അദ്ദേഹം. താൻ വലിയ നടനാണ് എന്ന ഭാവത്തോടെയല്ല, സംവിധായകൻ എന്ന നിലക്ക് തന്നെയാണ് അഭിനേതാക്കളെ സമീപിക്കുന്നത്,’ഗുരു സോമസുന്ദരം പറയുന്നു.

Content Highlight: Guru Somasundaram Talk About Mohanlal

We use cookies to give you the best possible experience. Learn more