| Friday, 15th July 2022, 12:41 pm

എനിക്ക് ഹീറോകളോട് ചെറിയ ദേഷ്യമുണ്ട്, അതുകൊണ്ട് തന്നെ വില്ലനാവാനാണ് ഇഷ്ടം: ഗുരു സോമസുന്ദരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ഗുരു സോമസുന്ദരം. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഷിബു എന്ന കഥാപാത്രത്തെയാണ് ഗുരു അവതരിപ്പിച്ചത്. ഷിബു മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട വില്ലൻ കഥാപാത്രമായി മാറി. അദ്ദേഹത്തിന് പ്രേക്ഷക ഭാഗത്തുനിന്നും വലിയ പ്രശംസ ലഭിച്ചിരുന്നു.

വില്ലൻ കഥാപാത്രങ്ങൾ ചെയ്യുന്നതിലെ ത്രില്ലിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹമിപ്പോൾ. എനിക്ക് ഹീറോകളോട് ചെറിയ ദേഷ്യമുണ്ട്, അതുകൊണ്ട് തന്നെ എനിക്ക് വില്ലനാവാനാണ് ഇഷ്ടമെന്നും മിന്നൽ മുരളിയുടെ കഥ കേട്ടപ്പോൾ വേറൊരു സിനിമയും കമ്മിറ്റ് ചെയ്യാതെ രണ്ടുവർഷം അതിന് വേണ്ടി തയ്യാറെടുത്തുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.

റെഡ് എഫ്. എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് ഹീറോകളോട് ചെറിയ ദേഷ്യമുണ്ട്, അതുകൊണ്ട് തന്നെ എനിക്ക് വില്ലനാവാനാണ് ഇഷ്ടം (ചിരിക്കുന്നു). ഞാൻ ഹീറോ ആയിട്ടും അഭിനയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളിൽ ഹീറോ ആവുന്നവർ ഒന്നും ചെയ്യാതിരിക്കുന്നത് കണ്ടിട്ടുണ്ട്. ചില പിരീയഡിൽ അവർക്ക് സൊസൈറ്റിയെ കുറിച്ച് ഒരു ചിന്തയുമില്ലാത്ത പോലെ തോന്നും. ഞാൻ കണ്ട പല സിനിമകളിലെയും വില്ലൻ കഥാപാത്രം കാണുമ്പോൾ എനിക്ക് ഒരു അടുപ്പം തോന്നും.

ബേസിൽ വന്ന് മിന്നൽ മുരളി സിനിമയുടെ കഥ പറഞ്ഞപ്പോൾ എനിക്ക് നല്ല സന്തോഷമായി. എന്നോട് പറഞ്ഞു നിങ്ങളാണ് ഈ സിനിമയിലെ സൂപ്പർ വില്ലനെന്ന്. ഈ സിനിമയുടെ കഥ കേട്ടതും ഞാൻ ഓക്കേ പറഞ്ഞു. ഞാൻ വേറൊരു സിനിമയും കമ്മിറ്റ് ചെയ്യാതെ രണ്ടുവർഷം ഇതിന് വേണ്ടി തയ്യാറെടുത്തു.

വില്ലൻ വേഷങ്ങളിൽ ഒരുപാട് വെറൈറ്റിയുണ്ട്. എല്ലാ വില്ലന്മാരും ഹീറോകളെ കൊല്ലാൻ നടക്കുന്നവരല്ല. അവർ ഹീറോക്ക് വെല്ലുവിളികൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ഹീറോക്ക് വെല്ലുവിളികൾ കൊടുക്കുമ്പോഴേ ഹീറോയിസം കാണിക്കാൻ പറ്റുകയുള്ളൂ,’ ഗുരു സോമസുന്ദരം പറഞ്ഞു.

മിന്നൽ മുരളി ഇറങ്ങിയ സമയത്ത് ഏറെ ആഘോഷിക്കപ്പെട്ട കഥാപാത്രമായിരുന്നു ഷിബു. എന്നാൽ അതേ സമയം തന്നെ ടോക്സിക് ആയ വില്ലനെ ആഘോഷമാക്കുന്നതിലെ പ്രശ്നങ്ങളെയും പലരും ചൂണ്ടിക്കാട്ടിയിരുന്നു. അഭിനയമികവ് കൊണ്ട് ആളുകൾ നെഞ്ചേറ്റിയ നടനാണ് ഗുരു സോമസുന്ദരം.

Content Highlight: Guru Somasundaram says that he is interested in villian roles more than hero

We use cookies to give you the best possible experience. Learn more