| Tuesday, 25th October 2022, 4:05 pm

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ സുരാജിന്റെ വേഷം ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നു; ഒഴിവാക്കിയത് ഈ കാരണം കൊണ്ട്: ഗുരു സോമസുന്ദരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരാജ് വെഞ്ഞാറമ്മൂടിനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. സുരാജിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലായിരുന്നു ഭാസ്‌ക്കര പൊതുവാള്‍. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.

നേരത്തെ ഈ സിനിമയുടെ കഥ പറയാനായി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തന്നെ സമീപിച്ചിരുന്നെന്നും എന്നാല്‍ അന്ന് രതീഷ് പറഞ്ഞ കഥ തനിക്ക് മനസിലാകാതിരുന്നത് കാരണം ചിത്രം ഒഴിവാക്കുകയായിരുന്നെന്നും നടന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു. രതീഷ് സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു കുഞ്ചാക്കോ ബോബന്‍ ഇക്കാര്യം പറഞ്ഞത്.

ഇപ്പോള്‍ ഇതേ ചിത്രവുമായി രതീഷ് തന്നെ സമീപിച്ചിരുന്നതിനെ കുറിച്ച് പറയുകയാണ് നടന്‍ ഗുരു സോമസുന്ദരം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ സുരാജ് ചെയ്ത വേഷം ചെയ്യേണ്ടിയിരുന്നത് താനായിരുന്നെന്നും എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ആ വേഷം തനിക്ക് ഒഴിവാക്കേണ്ടി വന്നെന്നുമാണ് ഗുരു സോമസുന്ദരം പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

‘ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ സുരാജിന്റെ വേഷം എനിക്ക് വന്നിരുന്നു. ആ സമയത്ത് എനിക്ക് മലയാളം ഒട്ടും അറിയില്ലായിരുന്നു. ഞാന്‍ അത് അദ്ദേഹത്തോട് പറഞ്ഞു. പിന്നെ കണ്ണൂര്‍ സ്ലാംങ്ങിലായിരുന്നു ആ കഥാപാത്രം സംസാരിക്കേണ്ടത്. അത് എനിക്ക് പറ്റില്ലെന്ന് തോന്നി. അങ്ങനെയാണ് വിട്ടത്. നന്നായി മലയാളം സംസാരിക്കുന്ന ആള്‍ ചെയ്താലേ ആ കഥാപാത്രം മികച്ചതാവുള്ളൂ എന്ന് എനിക്ക് തോന്നി. വിട്ടുകളയരുതെന്ന് കരുതി ഞാന്‍ പെട്ടെന്ന് ചാടിക്കേറി ഇത് ചെയ്യാമെന്ന് പറഞ്ഞിരുന്നെങ്കില്‍ അത് മൊത്തത്തില്‍ മോശമായിപ്പോകുമായിരുന്നു. അത് സംഭവിക്കരുതെന്ന് എനിക്ക് തോന്നി, ഗുരു സോമസുന്ദരം പറഞ്ഞു.

ഇപ്പോള്‍ ഞാന്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ചു. മലയാളത്തില്‍ ഇനിയും സിനിമകള്‍ ചെയ്യണമെന്നുണ്ട്. അതുകൊണ്ട് തന്നെ മലയാളം പഠിച്ചെടുക്കുകയാണ്. തമിഴിലും മലയാളത്തിലും ഭാഷ വ്യത്യാസം മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ. അല്ലാതെ അഭിനയത്തില്‍ വ്യത്യാസമില്ല. അതുപോലെ മലയാള സിനിമയില്‍ ടൈറ്റില്‍ ഇടുന്ന രീതിയൊക്കെ വലിയ രസമാണ്. ന്നാ താന്‍ കേസ് കൊട്, തല്ലുമാല പോലുള്ള ടൈറ്റിലൊന്നും തമിഴില്‍ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്നെ സംബന്ധിച്ച് കരിയറിലെ മികച്ച സമയം തന്നെയാണ് ഇതെന്നും മികച്ച കഥകളും കഥാപാത്രങ്ങളും തന്നെ തേടി എത്തുന്നുണ്ടെന്നും ഗുരു സോമസുന്ദരം പറയുന്നു.

അഭിനയത്തില്‍ കോണ്‍സന്‍ട്രേറ്റ് ചെയ്യുന്നതിനൊപ്പം എല്ലാവരുമായി സംസാരിക്കാനും ക്രൂവുമായി അടുത്ത് ഇടപഴകാനുമൊക്കെ ശ്രമിക്കാറുണ്ടെന്നും ഇത് ഇമോഷണലി നമുക്ക് സിനിമയുമായി ഒരു കണക്ഷന്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആളുകളെ ബഹുമാനിക്കുക, അവരോട് നന്നായി പെരുമാറുക ഇതൊക്കെയാണ് വേണ്ടതെന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ ഒരു അന്തരീക്ഷത്തില്‍ അഭിനയം താനേ വരും. കഥാപാത്രത്തെ നമുക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാനാകും. കോ ആര്‍ടിസ്റ്റുകളില്‍ നിന്നും താന്‍ പല കാര്യങ്ങളും പഠിച്ചെടുക്കാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മിന്നല്‍ മുരളിയില്‍ അഭിനയിച്ച ചെറിയ പയ്യനുണ്ട്. വസിഷ്ഠ്. അവന്‍ അഭിനയിക്കുന്നത് ഞാന്‍ നോക്കി നില്‍ക്കാറുണ്ടായിരുന്നു. ആക്ഷന്‍ പറഞ്ഞാല്‍ വളരെ ഈസിയായി ചെയ്യുക. കട്ട് പറയുന്നതോടെ ആ കഥാപാത്രത്തെ അവിടെ വിട്ട് അവന്‍ പാട്ടൊക്കെ പാടി ഡാന്‍സൊക്കെ ചെയ്ത് നില്‍ക്കും. ഇത് എനിക്കൊരു പുതിയ പാഠമായിരുന്നു. ഞാനൊക്കെ ഒരു സീന്‍ കഴിഞ്ഞാലും ആ കഥാപാത്രത്തെ വിടാന്‍ കഴിയാതെ നില്‍ക്കും. പിന്നെ പിന്നെ ഞാനും വസിഷ്ഠിനെ പോലെ ആയി. കട്ട് പറഞ്ഞാല്‍ റിലാക്‌സ് ആയി ഇരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

Content Highlight: Guru Somasundaram about Android Kunjappan Movie and the Character he missed

We use cookies to give you the best possible experience. Learn more