ഗുര്‍പ്രീത് സിങ് ഇന്ത്യയെ നയിക്കും
Daily News
ഗുര്‍പ്രീത് സിങ് ഇന്ത്യയെ നയിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd September 2016, 8:08 pm

മുംബൈ: പ്യൂര്‍ട്ടോറിക്കയ്‌ക്കെതിരെയുള്ള അന്താരാഷ്ട്ര സൗഹൃദമത്സരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സദ്ദു നയിക്കും. ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക ഗുര്‍പ്രീത് ആകുമെന്ന് കോച്ച് സ്റ്റീഫന്‍ കോണ്‍സ്‌റ്റൈന്റനാണ് വ്യക്തമാക്കിയത്‌.

ടീമിന്റെ സ്ഥിരം നായകനായ സുനില്‍ ഛേത്രിയെയും മുന്‍ നായകനും ഗോള്‍കീപ്പറുമായ സുബ്രതോ പാലിനെയും മറികടന്നാണ് കോച്ച് ഗുര്‍പ്രീതിനെ ക്യാപ്റ്റനാക്കിയിരിക്കുന്നത്. ഇന്ത്യയെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്മാരില്‍ ഒരുവന്‍ എന്ന ഖ്യാതി ഇതോടെ 24 കാരനായ ഗുര്‍പ്രീതിന് സ്വന്തമാകും.

യുറോപ്യന്‍ ലീഗ് ഒന്നാം ഡിവിഷന്‍ മത്സരത്തില്‍ കളത്തിലിറങ്ങുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഖ്യാതി നേടിയ കളിക്കാരനാണ് ഗുര്‍പ്രീത്. നോര്‍വീജിയന്‍ ടോപ് ഡിവിഷന്‍ ലീഗായ ടിപ്പെലിഗെയ്‌നില്‍ സ്റ്റാബെക് എഫ് സിയുടെ ഗോള്‍വല കാത്താണ് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഗുര്‍പ്രീത് ഈ നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യയെക്കാള്‍ റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള രാജ്യമാണ് പ്യൂട്ടോറിക്ക. ലോക റാങ്കിങ്ങില്‍ 114-ാം സ്ഥാനത്താണ് പ്യൂട്ടോറിക്ക. ഇന്ത്യ 152-ാം സ്ഥാനത്താണ്. മത്സരം ജയിക്കുകയാണെങ്കില്‍ ഇന്ത്യക്ക് റാങ്കിങ്ങില്‍ മുന്നോട്ട് പോകാം.

ഏറെക്കുറെ സന്തുലിതമായ ടീമാണ് ശനിയാഴ്ച ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നത്. പ്രതിരോധത്തില്‍ സെന്റര്‍ ബാക്കുകളിലായി മലയാളിയായ റിനോ ആന്റോയും നാരായണന്‍ ദാസുമുണ്ടാവും. വിങുകളില്‍ സന്ദേശ് ജംഗനും അര്‍ണബ് മൊണ്‌ഢേലുമുണ്ടാവും.

മദ്ധ്യനിരയില്‍ കളിമെനയാന്‍ പ്രണോയ് ഹാല്‍ദര്‍, എഗ്യുന്‍സണ്‍ ലിന്‍ഡോ, സുമീത് പസ്സി, ജാക്കിചാന്‍ സിങ് എന്നിവര്‍ അണിനിരക്കും. ഫോര്‍വേഡുകളായി സുനില്‍ ഛേത്രിയും ജെജെ ലാല്‍പെകുലയും. ശനിയാഴ്ച രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുക.