| Friday, 28th April 2023, 10:29 pm

അരങ്ങേറ്റക്കാരന് ആശംസ പറഞ്ഞ വാക്കുകള്‍ അറംപറ്റിയല്ലോ പഞ്ചാബേ😔😥 അവനും മൊഹാലിക്കും എന്നും ഇത് ഓര്‍മയുണ്ടാകും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 38ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നേടിയത്.

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ രണ്ടാം 250+ സ്‌കോറാണ് മൊഹാലിയില്‍ പിറന്നത്. ഒരുവേള 2013ല്‍ പൂനെ വാറിയേഴ്‌സ് ഇന്ത്യക്കെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നേടിയ 263 റണ്‍സിന്റെ ടോട്ടല്‍ മറികടക്കുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല.

ലഖ്‌നൗ നിരയില്‍ കൈല്‍ മയേഴ്‌സ് തുടങ്ങിവെച്ച വെടിക്കെട്ട് പിന്നാലെയെത്തിയ ആയുഷ് ബദോനിയും മാര്‍ക്ക്‌സ് സ്‌റ്റോയിനിസും നിക്കോളാസ് പൂരനും ഏറ്റെടുത്തപ്പോള്‍ സ്‌കോര്‍ പറപറന്നു.

24 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയും നാല് സിക്‌സറുമായി കൈല്‍ മയേഴ്‌സ് വെടിക്കെട്ടിന് തിരികൊളുത്തി. 24 പന്തില്‍ നിന്നും മൂന്ന് വീതം സിക്‌സറും ബൗണ്ടറിയുമടക്കം ബദോനി 43 റണ്‍സ് നേടിയപ്പോള്‍ 17 പന്തില്‍ നിന്നും 45 റണ്‍സാണ് പൂരന്‍ സ്വന്തമാക്കിയത്. ആറ് ബൗണ്ടറിയും ഒരു സിക്‌സറുമാണ് എല്‍.എസ്.ജി വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ബാറ്റില്‍ നിന്നും പിറന്നത്.

40 പന്തില്‍ നിന്നും ആറ് ബൗണ്ടറിയും അഞ്ച് സിക്‌റുമായി 72 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസാണ് ടോപ് സ്‌കോറര്‍.

പഞ്ചാബ് നിരയില്‍ പന്തെറിഞ്ഞ ബൗളര്‍മാരെല്ലാം തന്നെ ജൂനിയര്‍ സീനിയര്‍ വ്യത്യാസമില്ലാതെ അടി വാങ്ങിക്കൂട്ടിയിരുന്നു. കഗീസോ റബാദ നാല് ഓവറില്‍ 52 റണ്‍സ് വഴങ്ങിയപ്പോള്‍ അര്‍ഷ്ദീപ് സിങ് നാല് ഓവറില്‍ വഴങ്ങിയത് 54 റണ്‍സാണ്.

യുവതാരം ഗുര്‍നൂര്‍ ബ്രാറിനെയും ലഖ്‌നൗ ബാറ്റര്‍മാര്‍ കണക്കില്ലാതെ തല്ലിയിരുന്നു. ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തില്‍ തന്നെ റണ്‍സ് വഴങ്ങാനായിരുന്നു ബ്രാറിന്റെ വിധി. മൂന്ന് ഓവറില്‍ വിക്കറ്റൊന്നും നേടാതെ 42 റണ്‍സാണ് താരം വിട്ടുകൊടുത്തത്.

ഇന്നിങ്‌സിലെ ആദ്യ ഓവര്‍ പന്തെറിഞ്ഞത് ബ്രാറായിരുന്നു. ആദ്യ ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രം വഴങ്ങിയ ബ്രാര്‍ ശേഷമെറിഞ്ഞ രണ്ട് ഓവറില്‍ വഴങ്ങിയത് 40 റണ്‍സാണ്.

താരത്തിന്റെ അരങ്ങേറ്റത്തിന് ആശംസകളര്‍പ്പിച്ചുകൊണ്ട് പഞ്ചാബ് പങ്കുവെച്ച പോസ്റ്റിലെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എന്നെന്നും ഓര്‍മിക്കപ്പെടാന്‍ ഒരു ദിവസം എന്ന ക്യാപ്ഷനാണ് ടീം പോസ്റ്റിന് നല്‍കിയത്.

പഞ്ചാബ് കിങ്‌സും മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയവും ഒരിക്കലും ഈ ദിവസം മറക്കാനിടയില്ല എന്നാണ് ആരാധകര്‍ ചൂണ്ടിക്കാടുന്നത്. ടി-20യില്‍ മൊഹാലിയില്‍ പിറന്ന ഏറ്റവും ഉയര്‍ന്ന റണ്‍സും ഐ.പി.എല്ലിന്റെ ചരിത്രത്തിലെ രണ്ടാമത് ഉയര്‍ന്ന റണ്‍സും ഇതാണ്.

ശിഖര്‍ ധവാന്‍ എന്ന നായകന്റെ വെടിക്കെട്ടില്‍ പ്രതീക്ഷയര്‍പ്പിച്ച് ബൗളര്‍മാര്‍ റണ്‍സ് വാരിക്കോരി നല്‍കിയപ്പോള്‍ ആ പ്രതീക്ഷ കാക്കാന്‍ ധവാനുമായില്ല. രണ്ട് പന്തില്‍ നിന്നും ഒറ്റ റണ്‍സാണ് ധവാന്‍ നേടിയത്.

നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ 55 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് പഞ്ചാബ്. 13 പന്തില്‍ നിന്നും ഒമ്പത് റണ്‍സ് നേടിയ പ്രഭ്‌സിമ്രാന്റെ വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്.

14 പന്തില്‍ നിന്നും 32 റണ്‍സ് നേടിയ അഥര്‍വ തായ്‌ദെയും ഏഴ് പന്തില്‍ നിന്നും റണ്‍സുമായി എട്ട് റണ്‍സുമായി സിക്കന്ദര്‍ റാസയുമാണ് ക്രീസില്‍.

Content highlight: Gurnoor Brar concedes 42 runs in 3 overs in his debut match

We use cookies to give you the best possible experience. Learn more