ന്യൂദല്‍ഹി: ഗുര്‍മെഹര്‍ കൗറിനെതിരായ തന്റെ പരാമര്‍ശത്തെ വിശദീകരിച്ച് രംഗത്തെത്തിയ ബോളിവുഡ് താരം രണ്‍ദീപ് ഹുഡയ്ക്ക് ഗുര്‍മെഹറിന്റെ മറുപടി. എ.ബി.വി.പിയ്‌ക്കെതിരെ ഓണ്‍ലൈന്‍ ക്യമ്പയിന്‍ ആരംഭിച്ച ഗുര്‍മെഹറിനെതിരായ തന്റെ ട്വീറ്റിന് വിശദീകരണവുമായി കഴിഞ്ഞ ദിവസം രണ്‍ദീപ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബോളിവുഡ് താരത്തിന് മറുപടി നല്‍കികൊണ്ട് ഗുര്‍മെഹര്‍ ട്വീറ്റ് ചെയ്തത്.
” ട്വീറ്റ് ചെയ്തത് ഞാനല്ല, എന്റെ കൈകളായിരുന്നു.” എന്നായിരുന്നു രണ്‍ദീപിന് ഗുര്‍മെഹര്‍ നല്‍കിയ മറുപടി. ഒപ്പം രണ്‍ദീപിന്റെ തെറ്റ് ഏറ്റുപറഞ്ഞു കൊണ്ടുള്ള ട്വീറ്റും ഗുര്‍മെഹര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഗുര്‍മെഹറിനെ പരിഹസിച്ച് നേരത്തെ മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തിരുന്നു. ” രണ്ട് ട്രിപ്പിള്‍ സെഞ്ച്വറികള്‍ അടിച്ചത് ഞാനല്ല, എന്റെ ബാറ്റായിരുന്നു.” എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. സെവാഗിന്റെ ട്വീറ്റിനെ തന്നെ ആയുധമാക്കിയാണ് ഗുര്‍മെഹര്‍ രണ്‍ദീപിന് മറുപടി നല്‍കിയത്. നേരത്തെ സെവാഗിന്റെ ട്വീറ്റ് രണ്‍ദീപ് റീട്വീറ്റ് ചെയ്തിരുന്നു.
ഗുര്‍മെഹറിന്റെ ട്വീറ്റിനെ രാഷ്ട്രീയ കരുനീക്കമെന്നായിരുന്നു രണ്‍ദീപ് വിമര്‍ശിച്ചത്. സെവാഗിന്റേയും രണ്‍ദീപിന്റേയും പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍മീഡിയയിലും മറ്റും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. രണ്‍ദീപിന്റെ ട്വീറ്റ് സ്ത്രീവിരുദ്ധമാണെന്നും കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളായ ഗുര്‍മെഹറിന്റെ വികാരത്തെ അപമാനിക്കുന്നതുമാണെന്നായിരുന്നു വിമര്‍ശനം.
തന്റെ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി രണ്‍ദീപ് രംഗത്തെത്തുകയായിരുന്നു.ഗുര്‍മെഹറിനെതിരായ ട്വീറ്റ് തെറ്റായിരുന്നുവെന്നും കൂടുതല്‍ ശ്രദ്ധയോടെ വിഷയത്തില്‍ ഇടപെടണമെന്നുമായിരുന്നു രണ്‍ദീപിന്റെ ഏറ്റുപറച്ചില്‍.
വ്യക്തിപരമായ അഭിപ്രായങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും ഗുര്‍മെഹറിനെതിരായ തന്റെ പരാമര്‍ശം സ്ത്രീ വിരുദ്ധമല്ലായെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. അതേസമയം, അഭിപ്രായം പറയുന്നതില്‍ താന്‍ കുറേ കൂടി ശ്രദ്ധ പുലര്‍ത്തേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു നടനെന്ന നിലയില്‍ സോഷ്യല്‍ മീഡിയയിലെ ട്രോളുകളുടെ ഇരയായിട്ടുണ്ട്് താനെന്നും അതിനാല്‍ ചെറു പ്രായത്തില്‍ ഇതുപോലെ സോഷ്യല്‍ മീഡിയ ആക്രമണത്തെ ചെറുക്കുന്നതില്‍ ഗുര്‍മെഹര്‍ കൂറേ കൂടി ശ്രദ്ധിക്കണമെന്നു മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു താരത്തിന്റെ വിശദീകരണം.