ന്യൂദല്‍ഹി: എ.ബി.വി.പിയ്‌ക്കെതിരായ കാമ്പെയ്‌നില്‍ നിന്നും പിന്മാറുന്നതായി ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയും കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളുമായ ഗുര്‍മേഹര്‍ കൗര്‍. ട്വിറ്ററിലൂടെയാണ് ഗുര്‍മേഹര്‍ ഇക്കാര്യം അറിയിച്ചത്.
“ഞാന്‍ കാമ്പെയ്‌നില്‍ നിന്നും പിന്‍വാങ്ങുന്നു. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. എന്നെ വെറുതെ വിട്ടേക്ക്. എനിക്കു പറയാനുള്ളത് ഞാന്‍ പറഞ്ഞുകഴിഞ്ഞു.” ഗുര്‍മേഹര്‍ ട്വിറ്ററില്‍ കുറിക്കുന്നു.
“ഒരു 20കാരി അനുഭവിക്കേണ്ടതും അതിലപ്പുറവും ഞാന്‍ അനുഭവിച്ചു. വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ളതായിരുന്നു കാമ്പെയ്ന്‍. എനിക്കുവേണ്ടിയുള്ളതല്ല. എല്ലാവരും മാര്‍ച്ചില്‍ പങ്കെടുക്കുക.” എന്നും കൗര്‍ പറഞ്ഞു.
“എന്റെ ധീരതയെയും ധൈര്യത്തെയും ചോദ്യം ചെയ്യുന്നവരോട്… ആവശ്യത്തില്‍കൂടുതല്‍ ഞാന്‍ കാണിച്ചു. ഒരു കാര്യം ഉറപ്പാണ്. അടുത്ത തവണ ആര്‍ക്കെങ്കിലുമെതിരെ അക്രമത്തിന് അല്ലെങ്കില്‍ ഭീഷണിക്ക് മുതിരുമ്പോള്‍ നമ്മള്‍ രണ്ടുതവണ ചിന്തിക്കും. അതുമതി.” അവര്‍ വ്യക്തമാക്കി.
ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ എ.ബി.വി.പി അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ “എനിക്ക് എ.ബി.വി.പിയെ ഭയമില്ല” എന്നര്‍ത്ഥം വരുന്ന ഹാഷ്ടാഗില്‍ ഗുര്‍മേഹര്‍ കാമ്പെയ്ന്‍ ആരംഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അവര്‍ക്കെതിരെ ബലാത്സംഗഭീഷണിയുമായി എ.ബി.വി.പിയും രംഗത്തെത്തിയിരുന്നു.
ഗുര്‍മേഹറിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും ക്രിക്കറ്റ് താരം സെവാഗും മറ്റും രംഗത്തെത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.