വിധിവരാന്‍ കാക്കുന്നില്ല; ഗുര്‍മീത് റാം റഹീമിന്റെ ആശ്രമത്തില്‍ നിന്നും പാലായനം ചെയ്ത് അന്തേവാസികള്‍
India
വിധിവരാന്‍ കാക്കുന്നില്ല; ഗുര്‍മീത് റാം റഹീമിന്റെ ആശ്രമത്തില്‍ നിന്നും പാലായനം ചെയ്ത് അന്തേവാസികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th August 2017, 12:58 pm

ന്യൂദല്‍ഹി: ബലാത്സംഗക്കേസില്‍ ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി വിധിച്ചതിന് പിന്നാലെ റാം റഹീമിന്റെ സെക്ടര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പാലായനം ചെയ്ത് അന്തേവാസികള്‍.

ശനിയാഴ്ച മുതലാണ് അന്തേവാസികളുടെ ഒഴുക്ക് തുടങ്ങിയത്. ഇവരുടെ യാത്രയ്ക്കായി ബസ്സ് സര്‍വീസ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നത് ഹരിയാനയിലെ ജില്ലാ അഡ്മിനിസ്‌ട്രേഷനാണ്.

ഗുര്‍മീത് റാം റഹീം സിംഗ് മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെടുന്നതിന് മുന്‍പായി തന്നെ 50 ഓളം ബസ്സുകളിലായിട്ടാണ് ഹരിയാനയില്‍ അന്തേവാസികള്‍ യാത്രതരിച്ചത്. സെകട്് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് സ്വന്തം വീടുകളിലേക്ക് മടങ്ങുന്നത്.


Also Read ഉപതെരഞ്ഞെടുപ്പ്; പനാജിയില്‍ പരീക്കര്‍ ജയിച്ചു; ദല്‍ഹിയില്‍ ആം ആദ്മി മുന്നേറുന്നു; ശ്വാസം മുട്ടി ബി.ജെ.പി


അനുയായികള്‍ കൂട്ടത്തോടെ മടങ്ങിപ്പോകുന്നതിനാല്‍ തന്നെ കോടതി വിധി വന്നാലും വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് ജില്ലാ അതോറ്റികള്‍. എങ്കിലും ഇപ്പോഴും 5000ത്തോളം വരുന്ന അനുയായികള്‍ ദേരാ സച്ചാ സൗധയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

എത്രയും പെട്ടെന്ന് തന്നെ ഇവരോടും ഇവിടെ നിന്ന്് പോകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിയാന റോഡ് വെയ്‌സിന്റെ അന്‍പതോളം ബസ്സുകളാണ് അനുയായികള്‍ക്ക് ഇവിടെ നിന്ന് പോകാനായി ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇവിടെ നിന്നും ഒഴിഞ്ഞുപോകാന്‍ തയ്യാറായ അനുയായികളുടെ പേരും മൊബൈല്‍ നമ്പറുകളും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അക്രമസംഭവങ്ങളൊന്നും പുതുതായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും പ്രദേശത്ത് കര്‍ഫ്യൂ തുടരുമെന്നും പൊലീസ് അറിയിച്ചു.

ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗുര്‍മീത് റാം റഹീം സിങ്ങിനുളള ശിക്ഷ സി.ബി.ഐ കോടതി ഇന്നാണ് പ്രഖ്യാപിക്കുന്നത്.

കലാപസാധ്യത കണക്കിലെടുത്ത് രാജ്യത്ത് അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ഹരിയാനയിലെ റോഹ്ത്തക് സുനരിയ ജയിലിലെത്തി ആയിരിക്കും പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് ഇന്നുച്ചയ്ക്ക് രണ്ടരയ്ക്ക് ശിക്ഷ വിധിക്കുന്നത്. ഏഴുവര്‍ഷം മുതല്‍ ജീവപര്യന്തം വരെയുളള ശിക്ഷ ആയിരിക്കാം ഗുര്‍മീതിന് ലഭിക്കുന്നത്.