ന്യൂദല്‍ഹി: താന്‍ ഈ ലോകം തന്നെ ഉപേക്ഷിച്ചവനാണെന്നും കോടതി പിഴത്തുകയായി വിധിച്ച 30 ലക്ഷം രൂപ അടയ്ക്കാന്‍ തന്റെ കയ്യിലില്ലെന്നും ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം.
പഞ്ചാബ് ഹരിയാന വിചാരണകോടതിക്ക് മുന്‍പിലായിരുന്നു ഗുര്‍മീതിന്റെ വിശദീകരണം. ബലാത്സംഗത്തിനിരയായ യുവതികള്‍ക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചിരുന്നു.
ദേരയുടെ എല്ലാ സമ്പാദ്യങ്ങളും പൊലീസ് അറ്റാച്ച് ചെയ്ത് കഴിഞ്ഞെന്നും ഈ സാഹചര്യത്തില്‍ പ്രത്യേക സി.ബി.ഐ കോടതി വിധിച്ച 30 ലക്ഷം രൂപ പിഴതുക അടയ്ക്കാന്‍ കഴിയില്ലെന്നും ദേരകൗണ്‍സല്‍ എസ്.കെ ഗര്‍ഗ് നര്‍വാന കോടതിയോട് പറഞ്ഞു.
അതേസമയം രണ്ട് മാസത്തിനുള്ളില്‍ പഞ്ച്കുളയിലുള്ള സി.ബി.ഐ കോടതിയില്‍ തുക അടയ്ക്കാമെന്ന ഗുര്‍മീതിന്റെഅപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളിയിട്ടുണ്ട്.
ബലാത്സംഗ കേസിലുള്ള ഗുര്‍മീതിന്റെ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സി.ബി.ഐക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് സുധീര്‍ മിത്തല്‍ എന്നിവരാണ് കേസ് പരിഗണിച്ചത്. ബലാത്സംഗത്തിനിരയായ യുവതികള്‍ ഫയല്‍ ചെയ്ത അപ്പീലും ഹൈക്കോടതി ബെഞ്ചിന്റെ പരിഗണനയിലുണ്ട്.