ജയിലില്‍ കഴിയുന്ന ഹണിപ്രീതിനേയും റാം റഹീമിനേയും തേടി ടോയ്‌ലറ്റ് ദിനാചരണത്തില്‍ പങ്കെടുക്കാന്‍ ഐക്യരാഷ്ട്ര സംഘടനയുടെ സന്ദേശം
India
ജയിലില്‍ കഴിയുന്ന ഹണിപ്രീതിനേയും റാം റഹീമിനേയും തേടി ടോയ്‌ലറ്റ് ദിനാചരണത്തില്‍ പങ്കെടുക്കാന്‍ ഐക്യരാഷ്ട്ര സംഘടനയുടെ സന്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th October 2017, 3:20 pm

 

ന്യൂദല്‍ഹി: ബലാത്സംഗക്കേസില്‍ അറസ്റ്റിലാവുകയും ശിക്ഷ അനുഭവിക്കാന്‍ തുടങ്ങിയെങ്കിലും ഗുര്‍മീത് റാം റഹീമും വളര്‍ത്തു മകള്‍ ഹണിപ്രീതും ഇ്‌പ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു തന്നെ നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഹണിപ്രീത് അറസ്റ്റിലായത്.

എന്നാല്‍ കഴിഞ്ഞ ദിവസം സംഭവിച്ചത് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. ഹണിപ്രീതിനും റാം റഹീമിനും യു.എന്നില്‍ നിന്നും സന്ദേശം വന്നിരിക്കുകയാണ്. യു.എന്നിന്റെ ജല സംരക്ഷണ പദ്ധതികള്‍ക്കായുള്ള യു.എന്‍ വാട്ടറിന്റെ സന്ദേശമാണ് കഴിഞ്ഞ ദിവസം ഹണിപ്രീതിനും റാം റഹീമിനും എത്തിയിരിക്കുന്നത്.

യു.എന്‍ വാട്ടറിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമായിരുന്നു സന്ദേശം വന്നത്.” ഡിയര്‍ ഇന്‍സാന്‍ ഹണി, ലോക ശൗചാലയ ദിനത്തില്‍ നിങ്ങളുടേയും റാം റഹീമിന്റേയും പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.” എന്നായിരുന്നു ട്വീറ്റ്. നവംബര്‍ 19 ന് ലോക ശൗചാലയ ദിനാചരണം നടത്തുമ്പോള്‍ അതിന്റെ ഭാഗമാകാന്‍ ഹണിപ്രീതിനോട് അഭ്യര്‍ത്ഥിക്കുന്നതായിരുന്നു ട്വീറ്റ്.

ബലാത്സംഗ കേസില്‍ അകത്തായവര്‍ക്ക് യു.എന്നിന്റെ സന്ദേശം വന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും. കോണ്‍ഗ്രസ് നേതാവായ പ്രിയങ്കാ ചതുര്‍വേദിയുടെ പ്രതികരണം ” ഹരിയാന സര്‍ക്കാരാണോ യു.എന്‍ വാട്ടറിന്റെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നത്.” എന്നായിരുന്നു.


Also Read:  ജനരക്ഷായാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ ‘ബലികുടീരങ്ങളേ ‘പാടി സി.കെ പദ്മനാഭന്‍; നേതാക്കള്‍ക്ക് ആദ്യം നിരാശ, പിന്നെ ആശ്വാസം


അസമയത്തുള്ള ട്വീറ്റിനെ പരിഹസിച്ചും ഹണിപ്രീതിനേയും റാം റഹീമിനേയും ട്രോളിയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

ഹണിപ്രീതിനെ നീണ്ടകാലത്തെ തിരച്ചിലിനൊടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിറാക്പൂര്‍ പട്യാല റോഡില്‍ നിന്നാണ് ഹണിപ്രീതിനെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹം കുറ്റം ചുമത്തപ്പെട്ട ഹണിപ്രീത് ഏറെ നാളായി ഒളിവിലായിരുന്നു.

ഗുര്‍മീത് റാം റഹിം അറസ്റ്റിലായതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന അക്രമങ്ങളെ തുടര്‍ന്നാണ് ഹണിപ്രീതിനെതിരെ പൊലീസ് കേസെടുക്കുന്നത്. എന്നാല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഉടനെ ഹണീപ്രീത് ഒളിവില്‍ പോകുകയായിരുന്നു. ഒരു മാസക്കാലത്തോളമാണ് ഹണീപ്രീത് പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞത്.

മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. അതേസമയം അറസ്റ്റിലാവുന്നതിന് മുന്നോടിയായി ചില മാധ്യമങ്ങള്‍ക്ക് ഹണി അഭിമുഖം നല്‍കിയിരുന്നു. തന്നെ കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളൊന്നും ശരിയല്ലെന്നും താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തനിക്കെതിരായി ഒരു തെളിവുപോലും ഉണ്ടാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

തന്റെ അച്ഛന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തങ്ങള്‍ തമ്മില്‍ തെറ്റായ ഒരു ബന്ധവുമില്ലെന്നും ഒരച്ഛനും മകളും തമ്മിലുള്ള വിശുദ്ധ ബന്ധത്തെ എങ്ങനെയാണ് ഒരാള്‍ക്ക് ചോദ്യം ചെയ്യാന്‍ കഴിയുകയെന്നും അവര്‍ പറഞ്ഞിരുന്നു.അഭിമുഖത്തില്‍ ചോദിച്ചിരുന്നു.