| Friday, 19th March 2021, 8:52 pm

ഇറച്ചിക്കട തുറന്നില്ലെങ്കില്‍ മദ്യശാലകളും അടച്ചിടണം; ചൊവ്വാഴ്ചകളില്‍ മാംസ വ്യാപാരം പാടില്ലെന്ന ഹരിയാന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉത്തരവില്‍ ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചൊവ്വാഴ്ചകളില്‍ ഇറച്ചിക്കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന ഹരിയാന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉത്തരവിനെതിരെ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദിന്‍ ഉവൈസി.

കോടിക്കണക്കിന് മനുഷ്യരുടെ ഭക്ഷണശീലങ്ങളില്‍ ഉള്‍പ്പെട്ടതാണ് മാംസമെന്നും അതിന് അശുദ്ധി കല്‍പ്പിക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.

മറ്റുള്ളവര്‍ തങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ എങ്ങനെയാണ് മതവികാരത്തെ വ്രണപ്പെടുത്തുക. ഇഷ്ടമുള്ളവര്‍ മാംസം വാങ്ങിക്കുന്നു, കഴിക്കുന്നു. ആരെയും നിര്‍ബന്ധിച്ച് കഴിപ്പിക്കുന്നില്ലല്ലോ. ഇങ്ങനെയാണെങ്കില്‍ മദ്യശാലകള്‍ വെള്ളിയാഴ്ചകളില്‍ അടച്ചിടാന്‍ തയ്യാറാകുമോ?’, ഉവൈസി പറഞ്ഞു.

ഹിന്ദുമത വികാരം കണക്കിലെടുത്ത് ചില കൗണ്‍സിലറുമാരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഗുര്‍ഗോണിലെ ഇറച്ചിക്കടകള്‍ അടച്ചിടാന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടത്. ഇതിനെതിരെയായിരുന്നു ഉവൈസിയുടെ വിമര്‍ശനം.

അതേസമയം ഇറച്ചിക്കടകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ലൈസന്‍സ് ഫീസും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കുത്തനെ കൂട്ടിയിരുന്നു. മുമ്പ് 5000 രൂപയായിരുന്നു ലൈസന്‍സ് ഫീസ്. ഇപ്പോള്‍ അത് 10000 രൂപയായാണ് ഉയര്‍ത്തിയത്.

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കടകളില്‍ നിന്നും വന്‍തുക പിഴ ഈടാക്കാനും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നു. 5000 രൂപ വരെ പിഴ ഈടാക്കുമെന്നാണ് കോര്‍പ്പറേഷന്‍ അധ്യക്ഷ മധു ആസാദ് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Asaduddin Owaisi asks why not close alcohol shops on Fridays too

We use cookies to give you the best possible experience. Learn more