ന്യൂദല്‍ഹി: ഗോമാംസത്തിന്റെ പേരില്‍ യുവാവിന് നേരേ ആക്രമണവുമായി ഗോരക്ഷാ സംഘം. ദല്‍ഹി ഗൂര്‍ഗോണിനടുത്താണ് സംഭവം. ഇറച്ചിയുമായി പിക്ക് അപ്പ് ട്രക്കില്‍ വന്ന യുവാവിനെയാണ് ഗോരക്ഷാ സേന ചുറ്റിക കൊണ്ടും മാരകായുധങ്ങള്‍ ഉപയോഗിച്ചും മര്‍ദ്ദിച്ചവശനാക്കിയത്. പൊലീസടക്കം നിരവധി പേര്‍ തടിച്ചുകൂടിയെങ്കിലും യുവാവിനെ രക്ഷിക്കാന്‍ ആരും മുന്നോട്ട് വന്നില്ല.
2015 ദാദ്രി ആള്‍ക്കൂട്ട കൊലപാതകത്തിന് സമാനമായ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം ഗൂര്‍ഗോണില്‍ നടന്നത്. ഇറച്ചി കയറ്റി വന്ന പിക്ക് അപ്പ് വാന്‍ ഡ്രൈവറായ ലുക്ക്മാനാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്.
വാനിലേത് ഗോമാംസം എന്നാരോപിച്ചാണ് ഒരു സംഘം ലുക്ക്മാനെ ചുറ്റികകൊണ്ട് തല്ലിച്ചതച്ചത്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം പിക്ക് അപ്പ് വാനിലെ ഇറച്ചി പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കുക മാത്രമാണ് ചെയ്തത്.
ഇതിന് നേതൃത്വം നല്‍കിയ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ ലുക്ക്മാന്‍ തന്റെ വണ്ടിയില്‍ കയറി തിരികേ തന്റെ ഗ്രാമമായ ബാഡ്ഷപൂരിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പുറകെയെത്തിയ ഗോരക്ഷാ സേന ഇയാളെ വീണ്ടും ക്രൂരമര്‍ദ്ദനത്തിനിരയാക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ലുക്ക്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ടാലറിയാത്ത കുറച്ച് പേര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം പിക്ക് അപ്പ് ട്രക്കിലുണ്ടായിരുന്നത് പശു ഇറച്ചി അല്ലെന്ന് വാനുടമ പൊലീസിനെ അറിയിച്ചു. കഴിഞ്ഞ അമ്പത് വര്‍ഷമായി ഇറച്ചിവ്യാപാരം നടത്തുകയാണെന്നും ട്രക്കിലുണ്ടായിരുന്നത് പോത്ത് ഇറച്ചിയാണെന്നും ട്രക്കുടമ പൊലീസിനോട് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക