ഗുഡ്ഗാവ്: തീവ്ര ഹിന്ദുത്വപ്രവര്‍ത്തകര്‍ നിസ്‌കാരം തടഞ്ഞ ഗുഡ്ഗാവില്‍ സിഖ് മത വിശ്വാസികളുടെ ആരാധനാലയമായ ഗുരുദ്വാരകള്‍ മുസ് ലിങ്ങള്‍ക്ക് പ്രാര്‍ത്ഥനയ്ക്കായി തുറന്നുനല്‍കി.
സദര്‍ ബസാറിലെ ഗുരുദ്വാര മുസ്‌ലിം സഹോദരങ്ങള്‍ക്ക് തുറന്നുനല്‍കിയിട്ടുണ്ടെന്നാണ് ഹേംകുന്ത് ഫൗണ്ടേഷന്റെ പ്രസിഡന്റ് ഹര്‍തീരത് സിംഗ് പറഞ്ഞത്.
സോന ചൗക്ക് ഗുരുദ്വാരയും മുസ്‌ലിങ്ങള്‍ക്ക് വേണ്ടി തുറന്നുനല്‍കിയിട്ടുണ്ട്. ഗുഡ്ഗാവില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ തങ്ങള്‍ നിശബ്ദരായ കാണികളായിരിക്കില്ലെന്ന് സോനാ ചൗക്ക് ഗുരുദ്വാരയുടെ പ്രസിഡന്റ് ഷെര്‍ദില്‍ സിംഗ് സിന്ധു പറഞ്ഞത്. 1934 ല്‍ നിര്‍മ്മിച്ച സോന ചൗക്ക് ഗുരുദ്വാരയാണ് ഏറ്റവും പഴയ സിഖ് ആരാധനാലയമെന്നാണ് കരുതപ്പെടുന്നത്.
ഗുഡ്ഗാവിലെ നാട്ടുകാരും മുസ് ലിങ്ങള്‍ക്ക് നിസ്‌കരിക്കാന്‍ സ്ഥലം ഒരുക്കിക്കൊടുത്ത് രംഗത്തുവന്നിട്ടുണ്ട്.
ഹരിയാനയിലെ ഗുഡ്ഗാവില്‍ നിസ്‌കാരവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ മുസ്ലിങ്ങള്‍ക്ക് നിസ്‌കരിക്കാനായി ഹിന്ദു യുവാവ് സ്വന്തം കടമുറി വിട്ടുനല്‍കിയിരുന്നു.
അധികൃതര്‍ അനുവദിച്ചു നല്‍കിയ ഇടങ്ങളില്‍ ജുമുഅ നടത്തുന്നതിനെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ വിലക്കിയതോടെയാണ് മുസ്‌ലിം വിശ്വാസികളുടെ പ്രാര്‍ത്ഥന തടസപ്പെട്ടത്. നിസ്‌കാരത്തിനുള്ള ഇടങ്ങളില്‍ ചാണകം നിരത്തിയും ഗോവര്‍ധന പൂജയും നടത്തിയും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ജുമുഅ തടസപ്പെടുത്തിയതോടെയാണ് തന്റെ കടമുറി വിട്ടുനല്‍കാന്‍ അക്ഷയ് തയ്യാറായത്.
നേരത്തെ, ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഇവിടെയെത്തി ജുമുഅ തടസ്സപ്പെടുത്തിയിരുന്നു. ഇവര്‍ നിസ്‌കരിക്കുന്ന തുറസ്സായ സ്ഥലങ്ങളില്‍ വോളിബോള്‍ കോര്‍ട്ട് പണിയണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.
നേരത്തെ ചാണകം നിരത്തിയും ഇവര്‍ തടസം സൃഷ്ടിച്ചിരുന്നു. ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഗോവര്‍ധന പൂജയും നടത്തിയിരുന്നു.
തീവ്ര വലതുപക്ഷ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ഇവിടെ ജുമുഅ തടസപ്പെട്ടിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്ന് വെള്ളിയാഴ്ച്ചകളില്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍, ‘ലാന്‍ഡ് ജിഹാദ്’ എന്നാരോപിച്ച് നിസ്‌കാരം തടസപ്പെടുത്തുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Gurgaon Gurdwaras Offer Space to Muslims for Namaz Amidst Row