ഗുരുദ്വാര ആക്രമണം: അമേരിക്കന്‍ പതാക താഴ്ത്തി കെട്ടാന്‍ ഒബാമ ആഹ്വാനം ചെയ്തു
World
ഗുരുദ്വാര ആക്രമണം: അമേരിക്കന്‍ പതാക താഴ്ത്തി കെട്ടാന്‍ ഒബാമ ആഹ്വാനം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th August 2012, 1:26 pm

വാഷിങ്ടണ്‍: രാജ്യത്ത് ഈയിടെയായി അക്രമങ്ങള്‍ കൂടിവരികയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. വര്‍ധിച്ചുവരുന്ന ഈ ആക്രമണങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്ന് ജനങ്ങള്‍ സ്വയം ചിന്തിച്ചു നോക്കണമെന്നും ഒബാമ പറഞ്ഞു. വിസ്‌കോന്‍സിനിലെ സിഖ് ഗുരുദ്വാരയിലെ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഒബാമ.[]

ഗുരുദ്വാരയില്‍ നടന്ന അക്രമം രാജ്യം ഏറെ ഞെട്ടലോടെയാണ് കേട്ടത്. അക്രമിയെ പോലീസിന് വെടിവെയ്ക്കാന്‍ കഴിഞ്ഞതാണ് മരണസംഖ്യ അത്രയെങ്കിലും കുറയ്ക്കാനായത്. സംഭവത്തില്‍ എല്ലാവരും ദു:ഖത്തിലാണ്.

ഈയിടെയായി അമേരിക്കയില്‍ ഇത്തരം അക്രമങ്ങള്‍ കൂടുന്നു. ആക്രമണങ്ങള്‍ എങ്ങനെ കുറയ്ക്കാം എന്നു നമ്മള്‍ ചിന്തിക്കണം. കൊലയ്ക്ക് പിന്നില്‍ വംശീയ വെറിയാണെന്നുള്ള കാരണം ഞെട്ടിക്കുന്നതാണ്.

അത്തരം മനോഭാവത്തില്‍ നിന്ന്‌ അമേരിക്കയിലെ ജനങ്ങള്‍ പിന്തിരിയണം. കാഴ്ചയില്‍ നമ്മള്‍ എങ്ങനെയാണെന്നോ എവിടെ നിന്നാണ് വന്നതെന്നോ ആരെയാണ് ആരാധിക്കുന്നതെന്നോ അല്ല, പരസ്പര ബഹുമാനത്തോടെ ജീവിക്കണമെന്നതായിരിക്കണം എല്ലാവരുടെയും ലക്ഷ്യമെന്നും ഒബാമ ഓര്‍മിപ്പിച്ചു.

എന്നാല്‍ ഇത്തരമൊരു കൊലപാതകം നടത്താന്‍ അക്രമിയെ പ്രേരിപ്പിച്ചത് ആരെന്ന് ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. അക്രമത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി അമേരിക്കന്‍ പതാക ഈ മാസം പത്താം തിയ്യതി വരെ പകുതി താഴ്ത്തി കെട്ടുമെന്നും അദ്ദേഹം അറിയിച്ചു.

 

ആക്രമണത്തിന് പിന്നില്‍ വംശവെറിയെന്ന് സൂചന: ഗുരുദ്വാരയില്‍ മരിച്ചവരില്‍ നാല് ഇന്ത്യക്കാര്‍