| Tuesday, 22nd December 2020, 7:14 pm

ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പ്; ഗുപ്കാര്‍ സഖ്യത്തിന് മുന്നേറ്റം, ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള നേതൃത്വം നല്‍കുന്ന ഗുപ്കാര്‍ സഖ്യത്തിന് മുന്നേറ്റം. സഖ്യത്തില്‍ മത്സരിച്ച സി.പി.ഐ.എം അഞ്ച് ഡിവിഷനുകളില്‍ വിജയിച്ചു. ആകെ 113 ഡിവിഷനുകളിലാണ് ഗുപ്കാര്‍ സഖ്യം വിജയിച്ചത്.

ബി.ജെ.പി 59 സീറ്റുകളില്‍ മുന്നിലാണ്. ഒറ്റക്കു മത്സരിച്ച കോണ്‍ഗ്രസിന് നിലവില്‍ 23 സീറ്റുകളില്‍ മാത്രമേ ലീഡ് ചെയ്യാന്‍ സാധിച്ചിട്ടുള്ളു.

ഫാറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ്, മെഹബൂബ മുഫ്തിയുടെ പി.ഡി.പി അടക്കമുള്ളവര്‍ ഗുപ്കാര്‍ സഖ്യത്തിന് കീഴിലാണ് മത്സരിച്ചത്.

കശ്മീരില്‍ ഗുപ്കാര്‍ സഖ്യത്തിനാണ് മുന്നേറ്റം. അതേസമയം ജമ്മുവില്‍ ബി.ജെ.പിയാണ് മുന്നേറുന്നത്. ജമ്മു പ്രവിശ്യയില്‍ 56 സീറ്റുകളിലാണ് ബി.ജെ.പി മുന്നേറ്റം തുടരുന്നത്.

എന്നാല്‍ കശ്മീരില്‍ ഗുപ്കാര്‍ സഖ്യം 61 സീറ്റുകളില്‍ മുന്നിലാണ്. ഇവിടെ മൂന്ന് സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി മുന്നിലുള്ളത്.

നവംബര്‍ 28 മുതല്‍ എട്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് ഡിസംബര്‍ 19നാണ് അവസാനിച്ചത്. 51 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗ മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഗുപ്കാര്‍ സഖ്യത്തിന്റെ കണ്‍വീനര്‍. ഫാറൂഖ് അബ്ദുള്ളയാണ് സഖ്യത്തിന്റ ചെയര്‍മാന്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Gupkar Allience Leads In Jammu Kashmir Counsil Election

We use cookies to give you the best possible experience. Learn more