| Wednesday, 25th August 2021, 10:41 am

ഭരണഘടന പദവി തിരിച്ചുനല്‍കണം; ആര്‍ട്ടിക്കിള്‍ 370 നെതിരെ പ്രമേയം പാസാക്കി ജമ്മു കശ്മീര്‍ ഗുപ്കാര്‍ സഖ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കാനും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത്തിനും വേണ്ടി പ്രമേയം പാസാക്കി ജമ്മു കശ്മീര്‍ ഗുപ്കാര്‍ സഖ്യം. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുളളയുടെ നേതൃത്വത്തില്‍ 2 മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രമേയം പാസാക്കിയത്.

നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി എന്നിവരോടൊപ്പം മറ്റു പ്രദേശിക പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രത്തിന്റെ തീരുമാനത്തെ അംഗീകരിക്കില്ലെന്നും ഇതിനെതിരെ നിരന്തരം പോരാടുമെന്നും യോഗം തീരുമാനിച്ചു.

ഭരണഘടന പദവി തിരിച്ചുനല്‍കണമെന്നും ജമ്മു കശ്മീരിനെയും ലഡാകിനെയും കൂട്ടിചേര്‍ക്കണമെന്നുമാണ് പ്രമേയത്തില്‍ ഉയര്‍ന്നു വന്ന പ്രധാന ആവശ്യം.

ഫാറുഖ് അബ്ദുള്ളയുടെ വീട്ടില്‍ വെച്ചായിരുന്നു യോഗം ചേര്‍ന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി രണ്ട് വര്‍ഷം തികയാന്‍ ഒരു ദിവസം ബാക്കിനില്‍കെയാണ് പ്രമേയം പാസാക്കിയത്.

പ്രത്യേക പദവി പുന:സ്ഥാപിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നാണ് യോഗത്തില്‍ ഗുപ്കാര്‍ സഖ്യം വക്താവ് മുഹമ്മദ് യൂസുഫ് തരിഗാമി പ്രതികരിച്ചത്.

ജനങ്ങളുടെ അവകാശങ്ങള്‍ ചവിട്ടി മെതിക്കുകയാണെന്നും അത് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പുറത്ത് നിന്നുളള ഉദ്യോഗസ്ഥര്‍ക്കാണ് ഇവിടെയുള്ളവരെക്കാള്‍ പ്രധാന്യം നല്‍കുന്നതെന്നും ആളുകള്‍ അപമാനിക്കപ്പെടുകയും അവരുടെ വിഭവങ്ങള്‍ പുറത്ത് നിന്നുള്ളവര്‍ തട്ടിയെടുക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു.

ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ആയിരക്കണക്കിന് വരുന്ന ആളുകളെയായിരുന്നു കേന്ദ്രം തടവില്‍ വെച്ചിരുന്നത്. മുഖ്യമന്ത്രിമാരായിരുന്ന ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബാ മുഫ്തി തുടങ്ങിയവരേയും അറസ്റ്റ് ചെയ്ത് മാസങ്ങളോളം തടവില്‍ വെച്ചിരുന്നു.

2019 ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്രം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. തുടര്‍ന്ന് സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങള്‍ ആക്കി മാറ്റുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Gupkar Alliance’s Resolution To Fight To Restore J&K’s Special Status

Latest Stories

We use cookies to give you the best possible experience. Learn more