| Saturday, 24th October 2020, 5:29 pm

ഞങ്ങള്‍ ബി.ജെ.പി വിരുദ്ധരാണ്, ദേശവിരുദ്ധരല്ല; ഫാറൂഖ് അബ്ദുള്ള ഗുപ്കാര്‍ സഖ്യത്തിന്റെ അധ്യക്ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിനായുള്ള പോരാട്ടത്തിന് വിവിധ രാഷ്ട്രീയകക്ഷികള്‍ ചേര്‍ന്ന് രൂപീകരിച്ച ഗുപ്കാര്‍ സഖ്യത്തിന്റെ നേതാവായി മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയെ തെരഞ്ഞെടുത്തു. മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയാണ് വൈസ് പ്രസിഡണ്ട്.

പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലേറഷന്‍ എന്നാണ് സഖ്യത്തിന്റെ പേര്. ജമ്മു കശ്മീരിന്റെ പഴയ കൊടിയാണ് സഖ്യത്തിന്റെ ചിഹ്നമായി തെരഞ്ഞെടുത്തിരിക്കുന്നത്. ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ല്യോണിനാണ് വക്താവ് സ്ഥാനം.

‘സഖ്യം ദേശവിരുദ്ധരാണെന്ന പ്രചരണം ഒരുകൂട്ടര്‍ നടത്തുന്നുണ്ട്. എന്നാല്‍ അത് സത്യമല്ല. ഞങ്ങള്‍ ബി.ജെ.പി വിരുദ്ധരാണ് എന്നതാണ് വാസ്തവം. അതിനര്‍ത്ഥം ദേശവിരുദ്ധര്‍ എന്നല്ല’, ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

ബി.ജെ.പി രാജ്യത്തേയും ഭരണഘടനയേയും നശിപ്പിച്ചു. ജമ്മു കശ്മീരിനേയും ജനങ്ങളുടെ അവകാശത്തേയും തിരികെ കൊടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമം പരാജയപ്പെടുമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ഗുപ്കാര്‍ കൂട്ടായ്മ രൂപീകരിച്ചത്. ഈ വര്‍ഷം ആഗസ്റ്റ് 22 നാണ് കശ്മീരില്‍ ഗുപ്കാര്‍ കൂട്ടായ്മ രൂപീകരിച്ചത്.

ഒക്ടോബര്‍ 15 ന് ഫാറൂഖ് അബ്ദുള്ളയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് സഖ്യത്തിന്റെ പേര് പ്രഖ്യാപിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സിനും പി.ഡി.പിയ്ക്കും പീപ്പിള്‍സ് കോണ്‍ഫറന്‍സിനും പുറമെ പീപ്പിള്‍സ് മൂവ്മെന്റ്, സി.പി.ഐ.എം എന്നീ കക്ഷികളും സഖ്യത്തില്‍ പങ്കാളികളാണ്.

കോണ്‍ഗ്രസും സഖ്യത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Gupkar alliance chief Farooq Abdullah

Latest Stories

We use cookies to give you the best possible experience. Learn more