| Tuesday, 22nd December 2020, 12:53 pm

കശ്മീര്‍ തെരഞ്ഞെടുപ്പ്, ബി.ജെ.പി വിയര്‍ക്കുന്നു; ആദ്യഘട്ട ഫലസൂചനകളില്‍ ഗുപ്കാര്‍ സഖ്യത്തിന് മുന്നേറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ജില്ലാ വികസന കൗണ്‍സിലേക്ക് (ഡി.ഡി.സി) നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ബി.ജെ.പിയെ മറികടന്ന് ഗുപ്കാര്‍ സഖ്യം. ഇരുപതു ജില്ലകളിലായി 280 ഡി.ഡി.സി സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
2,178 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. ഒരു ജില്ലയില്‍ 14 സീറ്റ് വീതമാണ് ഉള്ളത്.

ആദ്യ ഫലസൂചനകള്‍ പ്രകാരം ഗുപ്കാര്‍ സഖ്യത്തിനാണ് ലീഡ്. 11 സീറ്റുകളില്‍ ഗുപ്കാര്‍ സഖ്യം ലീഡ് ചെയ്യുമ്പോള്‍ 6 സീറ്റുകളിലാണ് ബി.ജെ.പിക്ക് ലീഡുള്ളത്. കോണ്‍ഗ്രസ് രണ്ടിടത്തും മുന്നിലുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് പകരം പേപ്പര്‍ബാലറ്റ് ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയത്.

ജെ.കെ.എ.പി മൂന്നിടത്തും മറ്റുള്ളവര്‍ അഞ്ചിടത്തും ലീഡ് ചെയ്യുകയാണ്. ഗുപ്കാര്‍ സഖ്യത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ആറിടത്താണ് മുന്നേറുന്നത്.പി.ഡി.പി മൂന്നിടത്ത് ലീഡ് ചെയ്യുന്നുണ്ട്.

25 ദിവസത്തിനിടെ എട്ടു ഘട്ടമായാണ് വോട്ടെടുപ്പു നടന്നത്. നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും ചേര്‍ന്നു രൂപവത്കരിച്ച പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍ (പി.എ.ജി.ഡി) ഗുപ്കാര്‍ സഖ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്നു.

നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, സി.പി.ഐ.എം, ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ്, പീപ്പിള്‍സ് മൂവ്മെന്റ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്. ആദ്യം സഖ്യത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് പിന്നീട് ഇതില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ജമ്മുകാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതിനുള്ള പോരാട്ടത്തിനായാണ് ജമ്മു കശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് പി.എ.ജി.ഡി രൂപവത്കരിച്ചത്. എന്നാല്‍ സഖ്യത്തിനെ തുടക്കം മുതല്‍ തന്നെ വിമര്‍ശിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു.

2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ഇതാദ്യമായാണ് ജില്ലാ വികസന സമിതിയിലേക്ക് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പു നടക്കുന്നത്.

ജമ്മു കശ്മീരിന്റെ പ്രത്യേകപദവിയും അവകാശങ്ങളും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ‘പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍’ (പി.എ.ജി.ഡി) രൂപീകരിച്ചത്.

സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമിയാണ് സഖ്യത്തിന്റെ കണ്‍വീനര്‍. മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂബ് അബ്ദുള്ളയാണ് ചെയര്‍മാന്‍. പി.ഡി.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി വൈസ് ചെയര്‍പേഴ്സണാണ്. പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണാണ് വക്താവ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Gupkar Alliance Ahead Of BJP In J&K Local Polls

Latest Stories

We use cookies to give you the best possible experience. Learn more