ന്യൂയോര്‍ക്ക്: രാജ്യത്ത് നടക്കുന്ന വെടിവെപ്പുകളും കൂട്ടക്കൊലപാതകങ്ങളും തോക്കുമായി ബന്ധപ്പെട്ട പ്രശ്‌നമല്ലെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യാനപൊളിസിലെ നാഷണല്‍ റൈഫിള്‍സ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
രാജ്യത്ത് നടക്കുന്ന വെടിവെപ്പുകളുടെ കാരണം തോക്കുകളുമായി ബന്ധപ്പെട്ടത് മാത്രമല്ലെന്നും മറിച്ച് മാനസികാരോഗ്യപരവും ആത്മീയവും കൂടിയാണെന്നുമാണ് ട്രംപ് പറഞ്ഞത്.
‘നമ്മുടെ രാജ്യത്ത് നൂറ്റാണ്ടുകളായി തോക്കുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ 2000 വരെയും സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള വെടിവെപ്പുകളോ കൂട്ടക്കൊലകളോ അത്ര കണ്ട് നടന്നിട്ടുണ്ടായിരുന്നില്ല. ഇത് തോക്കുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമല്ല, മാനസികാരോഗ്യത്തിന്റെ പ്രശ്‌നമാണ്, ഇതൊരു സാമൂഹ്യ പ്രശ്‌നമാണ്, ഇതൊരു സാംസ്‌കാരിക പ്രശ്‌നമാണ്, ഇതൊരു ആത്മീയ പ്രശ്‌നമാണ്,’ ട്രംപ് പറഞ്ഞു.
‘നാഷ്‌വില്ലെയിലെ ക്രിസ്ത്യന്‍ എലമെന്ററി സ്‌കൂളില്‍ നടന്ന ക്രൂരമായ ആക്രമണത്തിന്റെ വാര്‍ത്ത നമ്മളെയെല്ലാവരെയും തകര്‍ത്തു കളഞ്ഞതാണ്. അവിടെ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ എപ്പോഴും നമ്മുടെ പ്രാര്‍ത്ഥനകളിലുണ്ടാകും. അപകട സ്ഥലത്തേക്ക് ഓടിയെത്തി ഏറ്റവും വേഗത്തില്‍ അക്രമിയെ കീഴ്‌പ്പെടുത്തിയ നിയമപാലകരുടെ ഇടപെടല്‍ അഭിമാനാര്‍ഹമാണ്, നാം അവരെ സല്യൂട്ട് ചെയ്യുന്നു,’ ട്രംപ് പറഞ്ഞു.
രാജ്യത്ത് നടക്കുന്ന ആക്രമണങ്ങളുടെ പേരില്‍ ഡെമോക്രാറ്റുകളെ രൂക്ഷമായ ഭാഷയില്‍ ട്രംപ് വിമര്‍ശിച്ചു. ഇത്തരം ദുരന്തങ്ങള്‍ വര്‍ഷാവര്‍ഷം ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഡെമോക്രാറ്റുകള്‍ കൃത്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും ട്രംപ് ആരോപിച്ചു.
ക്രിമിനലുകള്‍ക്ക് അവരുടെ ഇഷ്ടാനുസരണം പ്രവേശിക്കാന്‍ കഴിയുന്ന രീതിയിലാണ് സ്‌കൂളുകളുടെ അവസ്ഥയെന്ന് ട്രംപ് പറഞ്ഞു. താന്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ നിലവിലുള്ള ഗണ്‍ നിയമങ്ങള്‍ പിന്‍വലിക്കുമെന്നും രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും മുന്നില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Guns are not the cause of shootings in America; Donald Trump