| Monday, 4th May 2015, 10:40 am

പ്രവാചകന്റെ കാര്‍ട്ടൂണ്‍ ചിത്രീകരണ മത്സരം: യു.എസില്‍ രണ്ട് ആയുധധാരികള്‍ വെടിയേറ്റ് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂയോര്‍ക്ക്: ഡള്ളാസില്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രീകരണ മത്സരത്തിന് നേരെ വെടിയുതിര്‍ത്ത രണ്ട് ആയുധധാരികള്‍ വെടി വെയ്പില്‍ കൊല്ലപ്പെട്ടു. ഡള്ളാസിലെ കര്‍ട്ടിസ് കള്‍വെല്‍ സെന്ററില്‍ നടന്ന കാര്‍ട്ടൂണ്‍ ചിത്രീകരണ ചടങ്ങിന് നേരെയാണ് വെടി വെയ്പ് ഉണ്ടായത്.

കാറിലെത്തിയാണ് ഇവര്‍ വെടിവെച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് അക്രമകാരികള്‍ കൊല്ലപ്പെട്ടത്. വെടി വെയ്പില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. ഇസ്‌ലാം വിമര്‍ശകനായ ഗീര്‍ട്ട് വൈല്‍ഡേര്‍സ് ഉള്‍പ്പടെ നിരവധി പ്രമുഖരായിരുന്നു. മത്സരത്തില്‍ പങ്കെടുത്തിരുന്നത്.

“ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റിവ് അമേരിക്ക” എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. 10,000 യു.എസ് ഡോളറാണ് വിജയികള്‍ക്ക് വേണ്ടി പ്രഖ്യാപിച്ചിരുന്നത്. നേരത്തെ “ഗ്രൗണ്ട് സീറോ”ക്ക് സമീപം ഇസ്‌ലാമിക് സെന്റര്‍ നിര്‍മിക്കുന്നതിനെതിരെ സംഘടന പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

പ്രവാചകന്‍ മുഹമ്മദിന്റെ ചിത്രം വരക്കുന്നത് ഇസ്‌ലാമിക വിശ്വാസ പ്രകാരം നിഷിദ്ധമാണ്. പ്രവാചക കാര്‍ട്ടൂണ്‍ വരച്ചതിന് ഇക്കഴിഞ്ഞ ജനുവരിയില്‍ ഫ്രഞ്ച് കാര്‍ട്ടൂണ്‍ മാഗസിനായ ഷാര്‍ലി ഹെബ്ദോക്ക് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 12 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.

2006ല്‍ ഡാനിഷ് ദിനപത്രമായ ജില്ലാന്റ് പോസ്റ്റ് പ്രവാചകനെ ചിത്രീകരിച്ച് കാര്‍ട്ടൂണ്‍ വരച്ചപ്പോഴും ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

We use cookies to give you the best possible experience. Learn more