പാരിസ്: സെന്‍ട്രല്‍ പാരിസിലെ കുര്‍ദിഷ് കള്‍ച്ചറല്‍ സെന്ററിന് സമീപം നടന്ന വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
കുര്‍ദിഷ് കള്‍ച്ചറല്‍ സെന്റര്‍ ലക്ഷ്യമിട്ടുള്ള വെടിവെപ്പാണെന്നും, വംശീയ ആക്രമണമാണ് നടന്നതെന്നുമാണ് പ്രാഥമിക നിഗമനം. മരിച്ച മൂന്ന് പേരും കുര്‍ദിഷ് വംശജരാണെന്ന് കള്‍ച്ചറല്‍ സെന്റര്‍ അഭിഭാഷകന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഫ്രാന്‍സിലെ കുര്‍ദിഷ് വിഭാഗമാണ് ഹീനമായ ആക്രമണത്തിന് ഇരയായതെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു. വിദേശികളെ ലക്ഷ്യമിട്ടാണ് ആക്രമം നടത്തിയതെന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ പറഞ്ഞു.
വെടിവെപ്പ് നടത്തിയ 69 കാരനായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. അടുത്തിടെ ജയില്‍ മോചിതനായ ആളാണ് വെടിവെപ്പ് നടത്തിയതെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
വെടിവെപ്പിന് പിന്നാലെ ഫ്രാന്‍സില്‍ വലിയ പ്രതിഷേധങ്ങളാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തിന് പിന്നാലെ സാംസ്‌കാരിക കേന്ദ്രത്തിന് സമീപം തടിച്ചകൂടിയവരും പൊലീസും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. പ്രതിഷേധക്കാര്‍ കാറുകളുടെയും മറ്റും ചില്ലുകള്‍ തകര്‍ക്കുന്നതിന്റെയും പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിക്കുന്നതിന്റെയുമടക്കം ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
അതേസമയം, നേരത്തെയും വംശീയ ആക്രമണത്തിന് പ്രസ്തുത അക്രമിക്കെതിരെ കേസ് എടുത്തിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം പാരീസിലെ അഭയാര്‍ത്ഥി ക്യാമ്പിലെ മൂന്ന് ടെന്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയതിന് വിചാരണ നേരിടുന്ന ആളാണ് പാരീസ് സെന്‍ട്രലിലെ ആക്രമണത്തിന് പിന്നിലുമുള്ളതെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ എന്ത് പശ്ചാത്തലത്തിലാണ് ഇയാളെ ജയിലില്‍ നിന്ന് വിട്ടതെന്ന് വ്യക്തമല്ല. കുര്‍ദിഷ് കേന്ദ്രങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. വംശീയ അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ വ്യക്തമാക്കി.