കൊളറാഡോ: അമേരിക്കയിലെ കൊളറാഡോ നഗരത്തില്‍ നടന്ന വെടിവെയ്പ്പില്‍ ഒരു പൊലീസ് ഓഫീസറടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടു. കൊളറാഡോയിലെ ബോള്‍ഡറിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചാണ് വെടിവെയ്പ്പുണ്ടായത്.
അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. വെടിവെയ്പ്പില്‍ പരിക്കേറ്റവരെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഉച്ചക്ക് 2.30 ഓടെ ഒരാള്‍ സൂപ്പര്‍ മാര്‍ക്കറ്റിലെത്തി വെടി വെക്കാന്‍ തുടങ്ങുകയായിരുന്നു. ഇരുപത് മിനിറ്റിന് ശേഷം, ബോള്‍ഡറിലെ കിംഗ് സൂപ്പര്‍ മാര്‍ക്കറ്റില്‍ തോക്കുമായെത്തിയ ഒരാള്‍ ആക്രമണം നടത്തുകയാണെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ദൃക്‌സാക്ഷികള്‍ പലരും വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. ചിലര്‍ യൂട്യൂബിലൂടെ ലൈവ് സ്ട്രീമിങ്ങും ചെയ്യുന്നുണ്ടായിരുന്നു.
പുറത്തുവന്ന ചില വീഡിയോകളില്‍ വെടിയൊച്ചയും ആളുകള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതെന്നും കാണാമായിരുന്നു. പുറത്തുവന്ന വീഡിയോകളില്‍ പലരും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും എല്ലാവരും രക്ഷപ്പെടാന്‍ ശ്രമിക്കണമെന്നും മുന്നറിയിപ്പും നല്‍കി.
സംഭവത്തെ കുറിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ അന്വേഷിച്ചു വരികയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കൊളറാഡോ ഗവര്‍ണര്‍ ജറേദ് പൊളിസും സംഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്ന് പ്രതികരിച്ചു.
കഴിഞ്ഞ ആഴ്ച അമേരിക്കയിലെ അറ്റ്‌ലാന്റയിലെ സ്പാകള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. നിരന്തരമുണ്ടാകുന്ന ഇത്തരം വെടിവെയ്പ്പും ആക്രമണങ്ങളും രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക