ലഖ്നൗ: പകല്‍ വെളിച്ചത്തില്‍ ഉത്തര്‍പ്രദേശില്‍ രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ്. യു.പിയിലെ ബറേലിയില്‍ ശനിയാഴ്ചയാണ് സംഭവം. ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.
ഒന്നര മിനിട്ടോളമുള്ള വീഡിയോയില്‍, രണ്ട് ഗ്രൂപ്പുകളിലെയും ആളുകള്‍ തമ്മില്‍ പരസ്പരം വെടിയുതിര്‍ക്കുകയാണ്. പിലിഭിത്ത് ബൈപാസ് റോഡിലെ ബജ്റംഗ് ധാബയ്ക്ക് സമീപമുള്ള ഇസത്നഗറിലാണ് ഏറ്റുമുട്ടലുണ്ടായത്. യാത്രക്കാര്‍ ജീവന്‍ രക്ഷിക്കുന്നതിനായി സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോവുന്നതും ദൃശ്യങ്ങളില്‍ കാണാം.
കെട്ടിട നിര്‍മാതാവായ രാജീവ് റാണയും കൂട്ടാളികളും ജെസിബികളുമായി പിലിഭിത്ത് ബൈപാസ് റോഡിലെത്തി, സമീപത്തുള്ള ശങ്കര മഹാദേവ മാര്‍ബിള്‍സ് എന്ന കട തകര്‍ക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. തുടര്‍ന്ന് സ്ഥലത്തെത്തിയ മാര്‍ബിള്‍ കടയുടെ ഉടമ ആദിത്യ ഉപാധ്യായയും രാജീവ് റാണയും തമ്മില്‍ തര്‍ക്കത്തിലാവുകയും പിന്നാലെ ഇരുവിഭാഗങ്ങളും പരസ്പരം വെടിയുതിര്‍ക്കുകയും ചെയ്തു.
ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തിനിടയില്‍ രണ്ട് ജെസിബി മെഷിനുകളും കത്തിനശിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദൃക്സാക്ഷികള്‍ പറയുന്നതനുസരിച്ച്, 150 ലേറെ പേര്‍ പിലിഭിത്തില്‍ ആയുധങ്ങളുമായി ഏറ്റുമുട്ടിയിട്ടുണ്ട്.
സംഭവത്തില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായും അധികൃതര്‍ വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര രംഗത്തെത്തി.
‘തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ യോഗി ആദിത്യനാഥ് അവകാശപ്പെടുന്നത് രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനം യു.പിയിലാണെന്നാണ്. എന്നാല്‍ അതേ യു.പിയിലാണ് പട്ടാപകല്‍ തിരക്കേറിയെ റോഡില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത്.’ എന്നാണ് മഹുവ എക്സില്‍ പ്രതികരിച്ചത്.
സമാജ്‌വാദി പാര്‍ട്ടിയും യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികരണം.
ഇത് ആദ്യമായല്ല യു.പിയില്‍ ഇത്തരത്തില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവുന്നത്. പൊതുജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തിയും നിയമം ലംഘിച്ചുമുള്ള ഏറ്റുമുട്ടലുകള്‍ സംസ്ഥാനത്ത് പതിവാണ്. ഇതിനെതിരെ നടപടിയെടുക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും നിലവില്‍ വിമര്‍ശനമുയരുന്നുണ്ട്.
Content Highlight: Gunfight between gangs in Uttar Pradesh in broad daylight