World News
ചിക്കാഗോയിൽ സ്കൂൾ പരിസരത്ത് വെടിവെപ്പ്; രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Dec 17, 04:13 pm
Saturday, 17th December 2022, 9:43 pm

ചിക്കാഗോ: ചിക്കാഗോയിലെ സ്കൂളിന് സമീപത്ത് നടന്ന വെടിവെപ്പിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു.

വെള്ളിയാഴ്ച ബെനീറ്റോ ജുവാരസ് ഹൈ സ്കൂൾ പരിസരത്താണ് സംഭവം.

നാല് കുട്ടികൾക്കാണ് സ്കൂളിന് സമീപം വെച്ച് വെടിയേറ്റതെങ്കിലും 14ഉം 15ഉം വയസ്സുള്ള രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടിരിക്കുന്നത് എന്നാണ് സി.എൻ. എൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബാക്കിയുള്ള രണ്ട് കുട്ടികളുടെ അവസ്ഥ ഗുരുതരമല്ല. സ്കൂളിന് പുറത്ത് വെച്ചാണ് വിദ്യാർത്ഥികൾക്ക് വെടിയേറ്റത് എന്നാണ് ചിക്കഗോ പോലീസ് സൂപ്രണ്ട് ഡേവിഡ് ബ്രൗൺ പ്രസ്സ് കോൺഫറൻസിൽ വ്യക്തമാക്കിയിരിക്കുന്നത്.

കൂടാതെ ഇത് വരെ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദേഹം അറിയിച്ചു.

നാലു കുട്ടികളെയും ഒരേ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പേ ഒരു വിദ്യാർത്ഥി മരിച്ചിരുന്നു. മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിലുമായിരുന്നു.

ഒരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമാണ് പരിക്കേറ്റത്. മരിച്ച രണ്ട് പേരും ആൺകുട്ടികളാണ്.സംഭവത്തില്‍ ചിക്കാഗോ പബ്ലിക് സ്‌കൂള്‍ സി.ഇ.ഒ പെഡ്രോ മാര്‍ട്ടിസ് ദുഃഖം രേഖപ്പെടുത്തി.

സംഭവത്തെക്കുറിച്ച് പ്രസ്തുത സ്കൂളിലെ മറ്റൊരു വിദ്യാർത്ഥിയുടെ പിതാവായ നിക്കാസിയോ റോഗെൽ സി.എൻ.എൻ റിപ്പോർട്ടറോട് പ്രതികരിച്ചിരുന്നു.

എട്ട് തവണ വെടിയുതിർക്കുന്ന ശബ്ദം കേട്ടുവെന്നും, ആദ്യം കുട്ടികൾ പടക്കം പൊട്ടിക്കുകയാണെന്നാണ് താൻ കരുതിയിരുന്നതെന്നും അദേഹം പ്രതികരിച്ചു.

സ്കൂൾ അധികൃതർ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി.എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ സ്‌കൂള്‍ അധികൃതരുമായും സ്‌കൂള്‍ ലീഡര്‍മാരുമായും ചേര്‍ന്ന് സേഫ്റ്റി ആന്റ് സെക്യൂരിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്കൂൾ അധികൃതര്‍ വ്യക്തമാക്കി.

അമേരിക്കയിൽ തോക്ക് ഉപയോഗിച്ചുള്ള അക്രമ സംഭവങ്ങൾ വർധിച്ചുവരുന്നതായാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.

Content Highlights:Gun violence in a school in Chicago ; Two students were killed