| Thursday, 14th June 2018, 10:42 am

തോക്കുള്ള രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖര്‍ പിണറായി വിജയനും, പി.സി ജോര്‍ജും, ഷിബു ബേബി ജോണും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളില്‍ തോക്കു ലൈസന്‍സുള്ളവരില്‍ പ്രമുഖര്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി പിണറായി വിജയനും എം.എല്‍.എ പി.സി ജോര്‍ജും, മുന്‍ മന്ത്രി ഷിബു ബേബി ജോണും തോക്കു കൈവശമുള്ളവരാണെന്ന് റവന്യു വകുപ്പിന്റെ രേഖകളുണ്ടെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വയരക്ഷാര്‍ഥം ഉപയോഗിക്കാനാണ് സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് തോക്ക് അനുവദിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ കലക്‌ട്രേറ്റില്‍ നിന്ന് ലഭിച്ച രേഖകളിലാണ് രാഷ്ട്രീയ പ്രമുഖര്‍ക്ക് തോക്കുള്ള വിവരം അറിയുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിരവധി സുരക്ഷാ ഭീഷണി നേരിടുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അദ്ദേഹത്തിന്റെ സുരക്ഷ ഇപ്പോള്‍ വീണ്ടും ഇരട്ടിപ്പിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് അദ്ദേഹത്തിന് തോക്ക് ലൈസന്‍സ് അനുവദിച്ചത്.


ALSO READ: ഗൗരി ലങ്കേഷ് വധക്കേസ് പ്രതിയോടൊപ്പം പ്രമോദ് മുത്തലിക്ക്: ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു


സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കണക്കനുസരിച്ച് സ്വയരക്ഷയ്ക്കും കൃഷി സംരക്ഷണത്തിനുമായി സംസ്ഥാനത്ത് എണ്ണായിരത്തിലധികം തോക്കുകളാണ് അനുവദിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ തോക്കുകള്‍ ഉപയോഗിക്കുന്നവര്‍ ഉള്ളത്.

നിലവില്‍ തോക്ക് ലൈസന്‍സിന് അനുവദിക്കുന്ന ആള്‍ക്കാരുടെ എണ്ണം വര്‍ധിക്കുകയാണ്, വനിതകളും തോക്ക് ലൈസന്‍സ് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ജീവനു ഭീഷണിയുള്ള വ്യക്തികള്‍ക്ക് മാത്രമാണ് തോക്കു ലൈസന്‍സ് സാധാരണ അനുവദിക്കുന്നത്. പൊലീസ്, റവന്യു, വകുപ്പുകളുടെ ശുപാര്‍ശയിന്‍മേലാണ് വ്യക്തികള്‍ക്ക് തോക്ക് ലൈസന്‍സ് അനുവദിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more