കൊച്ചി: കുണ്ടന്നൂരിലെ ബാര്‍ ഹോട്ടലില്‍ വെടിവെപ്പ് നടന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ റോജന്‍, സുഹൃത്തായ അഭിഭാഷകന്‍ ഹറോള്‍ഡ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവര്‍ക്കെതിരെ വധശ്രമത്തിനും ആയുധ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.
ഹറോള്‍ഡിന്റെ റിവോള്‍വര്‍ ഉപയോഗിച്ചാണ് റോജന്‍ വെടിവെച്ചതെന്നാണ് പ്രാഥമിക വിവരം. ബാറിലെ വെടിവെപ്പിന് ശേഷം സ്ഥലം വിട്ട ഇരുവരെയും ആലപ്പുഴയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മദ്യപിച്ച അവസ്ഥയിലായിരുന്നു ഇരുവരുമെന്നും പൊലീസ് പറയുന്നു.
ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് കുണ്ടന്നൂര്‍ ഓജീസ് കാന്താരി ബാറില്‍ വെടിവെപ്പ് നടന്നത്.
രണ്ട് മണിയോടെയായിരുന്നു പ്രതികള്‍ ബാറിലെത്തിയത്. തുടര്‍ന്ന് മുന്ന് മണിയോടെ പുറത്തേക്കിറങ്ങിയ റോജനും ഹറാള്‍ഡും വെടിയുതിര്‍ക്കുകയായിരുന്നു.
റിസപ്ഷന്റെ അടുത്തെത്തിയപ്പോള്‍ പ്രത്യേകിച്ച് പ്രകോപനം ഒന്നും തന്നെ ഇല്ലാതെ കയ്യിലിരുന്ന തോക്ക് ഉപയോഗിച്ച് മുകളിലേക്ക് രണ്ട് റൗണ്ട് വെടിവെക്കുകയായിരുന്നുവെന്നാണ് ബാര്‍ അധികൃതര്‍ നല്‍കുന്ന വിവരം. ബാറിന്റെ ചുമരില്‍ രണ്ട് റൗണ്ട് വെടി വെച്ചു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.
എന്നാല്‍ വെടിവെപ്പിന്റെ വിവരം ബാര്‍ ഉടമകള്‍ പൊലീസിനെ അറിയിച്ചില്ല. ബാര്‍ അധികൃതര്‍ സംഭവം മറച്ചുവെച്ച് വീണ്ടും പ്രവര്‍ത്തനം തുടരുകയായിരുന്നു. ഏഴ് മണിയോടെയാണ് ബാര്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചത്.
സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം വിവരമറിയിച്ചതിനാല്‍ പ്രതികള്‍ കടന്ന് കളഞ്ഞതായിട്ടായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ബാറിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തി എത്രയും വേഗം ഇവരെ പിടികൂടുകയായിരുന്നു.