മോസ്‌കോ: സെന്‍ട്രല്‍ റഷ്യയിലെ ഇഷെസ്‌ക് (Izhevsk) നഗരത്തില്‍ സ്‌കൂളില്‍ വെടിവെപ്പ്. വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.
ആയിരത്തിലേറെ കുട്ടികളും നൂറ്റിയമ്പതോളം അധ്യാപകരുമുള്ള സ്‌കൂളിലേക്ക് അതിക്രമിച്ച് കയറിയ അക്രമി രണ്ട് പിസ്റ്റളുകളുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ആക്രമണ വിവരം റഷ്യന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
സ്‌കൂളിന്റെ സെക്യൂരിറ്റി ജീവനക്കാരനെ വെടിവെച്ച ശേഷം പ്രധാന ഗേറ്റിലൂടെ തന്നെയാണ് അക്രമി സ്‌കൂളിലേക്ക് പ്രവേശിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും ആക്രമണത്തിന് പിന്നാലെ ഇയാള്‍ സ്വയം വെടിവെച്ച് മരിച്ചു. എന്നാല്‍ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രതിയെ കുറിച്ചുള്ള വിശദാംശങ്ങളും ലഭിച്ചിട്ടില്ല.
സംഭവത്തില്‍ ഊര്‍ജിത അന്വേഷണം ആരംഭിച്ചതായാണ് ഇഷെസ്‌ക് നഗരത്തിന്റെ ചുമതലുള്ള പൊലീസ് മേധാവി ന്യൂസ് ഏജന്‍സിയോട് പ്രതികരിച്ചത്.
എന്നാല്‍ ഉക്രൈന്‍- റഷ്യ സംഘര്‍ഷവുമായി ഈ ആക്രമണങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് പറയാനാകില്ലെന്നും അന്വേഷണത്തിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ് വ്യക്തമാക്കി.
സ്‌കൂളില്‍ അജ്ഞാതനായ ഒരു ഷൂട്ടര്‍ അതിക്രമിച്ച് കയറി ഒരു കാവല്‍ക്കാരനെയും അവിടെയുള്ള ചില കുട്ടികളെയും കൊലപ്പെടുത്തിയെന്ന് ഇഷെവ്സ്‌ക് ഉള്‍പ്പെടുന്ന ഉദ്മൂഷ്യ (Udmurtia) പ്രദേശത്തിന്റെ ഗവര്‍ണര്‍ അലക്സാണ്ടര്‍ ബ്രെച്ചലോവ് സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് സ്‌കൂളില്‍ നിന്നും കുട്ടികളെ ഒഴിപ്പിക്കുകയും സ്ഥലത്ത് പൊലീസ് വിന്യാസം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, നാസി ചിഹ്നമുള്ള ടീഷര്‍ട്ടാണ് അക്രമി ധരിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റഷ്യന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി ടാസ് (Tass) റിപ്പോര്‍ട്ട് ചെയ്തതായി ബി.ബി.സിയുടെ വാര്‍ത്തയില്‍ പറയുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ റഷ്യയിലെ മറ്റൊരു നഗരത്തിലും സമാനമായ രീതിയില്‍ സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ തോക്കുധാരി വെടിവെപ്പ് നടത്തിയിരുന്നു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
ഒരേ ദിവസം റഷ്യയില്‍ നടക്കുന്ന രണ്ടാമത്തെ ഗണ്‍ ആക്രമണമാണിത്.
Content Highlight: Gun attack at central Russian school