മുപ്പത് കൊല്ലം മുമ്പ് സദ്ദാം ഹുസൈന്‍ കുവൈറ്റ് ആക്രമിക്കുമ്പോള്‍ വി.പി സിങ്ങായിരുന്നു പ്രധാനമന്ത്രി, ഐ.കെ ഗുജ്‌റാള്‍ വിദേശകാര്യ മന്ത്രിയും. അമ്പത്താറു ഇഞ്ചു നെഞ്ചളവാവൊന്നുമുള്ളവരല്ല, കഷ്ടിച്ചു നാല്പതിയഞ്ചു വരും. പക്ഷെ, കഴിഞ്ഞ മൂന്നു മാസമായി കൊറോണ പേടിച്ചു വീടിനു പുറത്തിറങ്ങാത്ത അമ്പത്താറുകാരെപോലെയല്ല, യുദ്ധവിമാനങ്ങളും മിസൈലുകളും കൂസാതെ, അമേരിക്കയുടെ ഭീഷണി വകവെക്കാതെ ഐ.കെ ഗുജ്‌റാള്‍ നേരിട്ട് ബാഗ്ദാദിലേക്ക് പറന്നു, സദ്ദാം ഹുസൈനെ കണ്ടു, കുവൈറ്റില്‍ കുടുങ്ങിയ ഒരു ലക്ഷത്തി എഴുപതിനായിരം ഇന്ത്യക്കാര്‍ക്ക് സുരക്ഷിത പാത ഒരുക്കാന്‍ സദ്ദാം ഹുസൈനോട് ആവശ്യപ്പെട്ടു.
ഐ.കെ ഗുജ്‌റാള്‍
കുവൈറ്റിലെയോ ബാഗ്ദാദിലേയോ വിമാനത്താവളങ്ങള്‍ തുറക്കാന്‍ അമേരിക്ക സമ്മതിച്ചില്ല. അമ്മാന്‍ എയര്‍പോര്‍ട്ട് തുറന്നു തരാന്‍ ഇന്ത്യ ജോര്‍ദാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുവൈറ്റില്‍ നിന്ന് മുഴുവന്‍ പേരെയും ഇറാഖിലെ റോഡുകളിലൂടെ അമ്മാനിലേക്ക് കൊണ്ട് വന്നു, സുരക്ഷിതമായി. അവിടെനിന്നു മുഴുവന്‍ ഇന്ത്യക്കാരെയും സൗജന്യമായി ബോംബെ വിമാനത്താവളത്തിലെത്തിച്ചു. മുംബൈയില്‍ നിന്ന് അവരവരുടെ നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റും കൊടുത്തു, കൂടെ ആയിരം രൂപ പോക്കറ്റ് മണിയും.
കെ.പി ഉണ്ണിക്കൃഷ്ണനായിരുന്നു കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി. വി മുരളീധരനെ പോലെ വീരസ്യം പറഞ്ഞു നടക്കുന്ന ആളല്ല. ഉണ്ണികൃഷ്ണന്‍ അമ്മാനിലേക്ക് പോയി, വിമാനം കാത്തു കഴിയുകയായിരുന്ന ഇന്ത്യക്കാരുടെ ക്ഷേമം അന്വേഷിച്ചു, മിക്കവരെയും വിമാനം കയറ്റി വിടുന്നവരെ അവരുടെ കൂടെ താമസിച്ചു. ഉണ്ണികൃഷ്ണന്‍ ഇപ്പോഴും കോഴിക്കോട് താമസിക്കുന്നുണ്ട്, കൂടുതല്‍ അറിയേണ്ടവര്‍ക്ക് അദ്ദേഹത്തോട് നേരിട്ട് ചോദിക്കാം.
കെ.പി ഉണ്ണികൃഷ്ണന്‍
അന്ന് കുവൈറ്റില്‍ നിന്ന് അമ്മാന്‍ വഴി ഇന്ത്യയില്‍ എത്തിയവര്‍ക്ക്, ഇന്നത്തെ പത്രങ്ങളില്‍ എയര്‍ലിഫ്റ്റ്, ഇവാക്വേഷന്‍, രക്ഷപെടുത്തല്‍, ഒഴിപ്പിക്കല്‍ എന്നൊക്കെ കാണുമ്പോള്‍ ചിരി വരും. ദുബായിലും ദോഹയിലുമൊക്കെ എയര്‍പോര്‍ട്ടുകള്‍ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാണ്. ഇന്ത്യ വിമാനം ഇറങ്ങാന്‍ അനുമതി കൊടുത്താല്‍ മാത്രം മതി എമിറേയ്ട്‌സും എയര്‍ അറേബ്യയും ഇന്‍ഡിഗോയും ഖത്തര്‍ എയര്‍വെയ്‌സുമൊക്കെ എത്ര വിമാനം വേണമെങ്കിലും പറത്താന്‍ തയ്യാറായിരിപ്പാണ്. അപ്പോഴാണ് എയര്‍ ഇന്ത്യയുടെ രക്ഷപെടുത്തല്‍. പതിനാറായിരം മുതല്‍ ഒരു ലക്ഷം വരെ രൂപ രക്ഷപ്പെടേണ്ടവര്‍ രക്ഷകന്മാരുടെ ഓഫീസില്‍ കൊണ്ട് പോയി അടക്കണം, ട്രാവല്‍ ഏജന്റുമാര്‍ക്ക് കമ്മീഷന്‍ പോകരുതല്ലോ.
ഇവിടെ രക്ഷപ്പെടുന്നവര്‍ എയര്‍ ഇന്ത്യയാണ്. കട്ടപുറത്തു കയറ്റി വച്ചിരിക്കുന്ന വിമാനങ്ങള്‍ ഗള്‍ഫിലേക്ക് പറത്തിയാല്‍ അഞ്ചു പൈസ കയ്യിലില്ലാത്ത എയര്‍ ഇന്ത്യയിലെ ഏമാന്മാര്‍ക്ക് ഗള്‍ഫ്കാര്‍ തരുന്ന പണം ഇമ്മാസത്തെ ശമ്പളമായി വീതിച്ചെടുക്കാം. അല്ലെങ്കിലും എല്ലാകാലവും എയര്‍ ഇന്ത്യയെ രക്ഷിച്ചെടുക്കേണ്ട ബാധ്യത ഗള്‍ഫുകാര്‍ക്കാണ്. ലാഭത്തില്‍ ഓടുന്ന ഒരേ ഒരു സെക്ടര്‍ ആണ് ഗള്‍ഫ്, ആനുപാതികമായി ഏറ്റവും വലിയ ടിക്കറ്റ് നിരക്കും അവിടേക്കാണ്, ഏറ്റവും പഴയ വിമാനവും പഴകിയ ഭക്ഷണവും ആ റൂട്ടിലാണ്.
ഇത്രക്ക് ഭയങ്കരമായ രക്ഷപെടുത്തലില്‍ കേന്ദ്ര സര്‍ക്കാറിന് അഞ്ചു പൈസയുടെ ചിലവില്ല. എയര്‍ ഇന്ത്യയിലെ ഗോസായിമാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ഈ മാസം വേണ്ടി വരുമായിരുന്ന സബ്സിഡി ലാഭം. ആകെ ചിലവ് വരുമായിരുന്ന ഒരേ ഒരു കാര്യം പുറപ്പെടുന്ന സ്ഥലത്തു വെച്ച് യാത്രക്കാരെ കൊറോണ ടെസ്റ്റ് ചെയ്യുന്നതായിരുന്നു. അത് ചെയ്യാതെ സംസ്ഥാന സര്‍ക്കാരുകളോട് വരുന്നവരെ രണ്ടാഴ്ച ക്വാറന്റൈനില്‍ വെക്കാന്‍ പറഞ്ഞു, അങ്ങനെ ചിലവ് സംസ്ഥാനങ്ങളുടെ തലയിലേക്കിട്ടു. പുറപ്പെടുമ്പോള്‍ ടെസ്റ്റ് ചെയ്തിരുന്നെങ്കില്‍ വരുന്നവര്‍ക്ക് നേരെ വീട്ടിലേക്ക് പോകാമായിരുന്നു, ഇപ്പോള്‍ അവര്‍ രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണം. ഇതെല്ലം ടെസ്റ്റിന് വേണ്ടി വരുമായിരുന്ന രണ്ടോ മൂന്നോ കോടി ലഭിക്കാനാണ്. ചാണക്യന്മാരാണ് കേന്ദ്രം ഭരിക്കുന്നത്, ബുദ്ധിക്ക് ഒരു പഞ്ഞവുമില്ല.
രണ്ടു മൂന്നു കപ്പലും അയയ്ക്കുമത്രേ!. കപ്പല്‍ വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ വിചാരിക്കുക ആയിരങ്ങള്‍ക്ക് കരയറാനുള്ള കപ്പലാണെന്നാണ്. ഇതില്‍ മുന്നൂറു പേര്‍ക്ക് കയറാം. സാമൂഹിക അകലം പാലിക്കുമെങ്കില്‍ നൂറോ നൂറ്റമ്പതോ. ഒരു വിമാനത്തില്‍ കൊള്ളാനുള്ള ആളുകള്‍ക്ക് കയറാന്‍ എന്തിനാണ് കപ്പല്‍ എന്ന് ചോദിക്കാന്‍ പറ്റില്ല, റേഡിയോ പോലെ മാത്രമേ അവരൊക്കെ സംസാരിക്കൂ, പറയുന്നത് കേട്ടോളണം, അങ്ങോട്ടൊന്നും ചോദിയ്ക്കാന്‍ പറ്റില്ല. അറബിക്കടലില്‍ ഇരുപത്തിനാലു മണിക്കൂറും കറങ്ങിയടിച്ചു നടക്കുന്ന നേവിയുടെ കപ്പലാണ് ഷോ കാണിക്കാന്‍ വേണ്ടി കൊണ്ട് വരുന്നത്.
ഷോ കാണിക്കാന്‍ വേണ്ടിയാണെന്ന് നമുക്ക് തോന്നും. പക്ഷെ ഭരിക്കുന്നവര്‍ക്ക് അങ്ങനെയല്ല. ഭാവിയില്‍ ചരിത്രം എഴുതുന്നവര്‍ക്ക് രോമാഞ്ചം വരാന്‍ എന്തെങ്കിലുമൊക്കെ ചെയ്തു വെക്കുന്നതാണ്. കലാപങ്ങളും ഷൂ നക്കലുമല്ലാത നല്ലതൊന്നും ചരിത്രത്തിലില്ല, നാട് ഭരിച്ചു കുട്ടിച്ചോറാക്കിയവര്‍ എന്നതാണ് ഇപ്പോഴത്തെ സ്റ്റാറ്റസ്. ഇന്ദിരാഗാന്ധി പണ്ട് അമേരിക്കയുടെ ഏഴാം കപ്പല്‍ പട തടഞ്ഞു എന്നൊക്കെ കോണ്‍ഗ്രസ്സുകാര്‍ പറയുമ്പോള്‍ നമുക്കും വേണ്ടേ ഒരു കപ്പല്‍ പുരാണം – അതിനാണ് ഈ കപ്പല്‍. അതിനു വേണ്ടി പാവം പ്രവാസികള്‍ മൂന്നാലു ദിവസം കപ്പലില്‍ തലകറങ്ങിയും ഛര്‍ദിച്ചും കഴിഞ്ഞു കൂടണം, അത്രയേയുള്ളൂ. ഒക്കെ സഹിക്കാം, ഉപദേശം കുറച്ചു കുറക്കാമെങ്കില്‍.
വാട്‌സാപ്പിലും ഫേസ്ബുക്കിലുമൊക്കെ ഗള്‍ഫുകാര്‍ക്കുള്ള ഉപദേശം കൊണ്ടുള്ള അയ്യര്കളിയാണ്. എണ്ണക്ക് വിലകുറഞ്ഞു, കൊറോണ വന്നപ്പോള്‍ ഗള്‍ഫ് തകര്‍ന്നു, ഇനി ഗള്‍ഫില്‍ പണിയുണ്ടാകില്ല, അത് കൊണ്ട് നാട്ടില്‍ ഒറീസ്സക്കാരും ബംഗാളികളുമൊക്കെ ചെയ്തുവന്ന പൊറാട്ടയടി, പെയിന്റടി ഒക്കെ പ്രവാസികള്‍ ചെയ്യണമെന്നാണ് പ്രധാന ഉപദേശം. ജീവിതത്തില്‍ ഒരു ജോലിയും ചെയ്യാതെ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ബാധ്യതയായി നടക്കുന്നവന്മാരൊക്കെ ഇപ്പോള്‍ പ്രവാസികളെ ഉപദേശിക്കുന്ന തിരക്കിലാണ്.
എണ്ണവില കുറയുന്നത് ആദ്യമായല്ല, താഴെകൊടുത്ത ഗ്രാഫുകള്‍ ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ അറിയാം, ഒരു പാട് പ്രാവശ്യം എണ്ണ വില ഇപ്പോഴത്തേതിലും വളരെ താഴെ പോയിട്ടുണ്ട്. ആ സമയത്തൊക്കെ പ്രവാസികള്‍ ഈ ഉപദേശവും കേട്ടിട്ടുണ്ട്. ലോകം മുഴുവന്‍ മുറിയടച്ചു വീട്ടിലിരിക്കുമ്പോള്‍ ആര്‍ക്കും എണ്ണ വേണ്ട എന്നത് ശരി. പക്ഷെ എല്ലാ കാലവും എല്ലാവരും വീട്ടിലിരിക്കില്ല. ലോകത്ത് മറ്റെല്ലാ രംഗങ്ങളും ഉണരുമ്പോള്‍ എണ്ണ വിലയും ഉയരും. അത് മാത്രമല്ല, എണ്ണ വില ഉയരേണ്ടത് ഗള്‍ഫിന്റെ മാത്രം ആവശ്യവുമല്ല. എണ്ണ വില താഴുമ്പോള്‍ ഏറ്റവും വലിയ ഭീതി അമേരിക്കക്ക് ആണെന്ന് ട്രംപിന്റെ ട്വീറ്റുകള്‍ വായിച്ചാല്‍ മനസ്സിലാവും. എണ്ണ വില കുറയുമ്പോള്‍ ഏറ്റവും ഉത്കണ്ഠപെടുന്നതും കൂടുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്നതും ട്രംപും പുട്ടിനും ആണ്, കാരണമുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണയുത്പാദകരായ രണ്ടു രാജ്യങ്ങളാണ് അമേരിക്കയും റഷ്യയും. പക്ഷെ അവരുടെ ഉത്പ്പാദന ചെലവ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ചു വളരെ കൂടുതലാണ്. ഓയില്‍ വില ബാരലിന് കഷ്ടിച്ചു ഇരുപതിന് മുകളില്‍ നിന്നാല്‍ മതി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ലാഭമുണ്ടാക്കാന്‍, പക്ഷെ അമേരിക്കന്‍ ഷെയ്ല്‍ ഓയില്‍ ഉല്പാദന ചിലവ് ബാരലിന് മുപ്പതിന് മുകളിലാണ്. അതുകൊണ്ടാണ് ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണ വില കുറയുന്നതില്‍ ഒരു ഉത്കണ്ഠയും കാണിക്കാത്തതും അമേരിക്ക വലിയ ഉത്കണ്ഠ കാണിക്കുന്നതും.
കൊറോണ മാറുമ്പോള്‍ ട്രംപും പുട്ടിനും ചേര്‍ന്ന് എണ്ണ വില തിരിച്ചു ബാരലിന് അമ്പതിലേക്ക് കൊണ്ട് വരുമെന്ന് എത്രയോ കൊല്ലങ്ങളായി ഓയില്‍ മാര്‍ക്കറ്റ് കണ്ടു വളര്‍ന്ന അറബികള്‍ക്കറിയാം. മാത്രമല്ല നാലോ അഞ്ചോ കൊല്ലം എണ്ണ വിറ്റില്ലെങ്കിലും നിലവാരം ഒട്ടും കുറയാതെ ജീവിക്കാനുള്ള വകയൊക്കെ ഈ രാജ്യങ്ങള്‍ കരുതിയിട്ടുണ്ട്. പലരും കരുതുന്ന പോലെ എണ്ണ വിറ്റു കിട്ടുന്ന കാശു മുഴുവന്‍ വിറ്റു ധൂര്‍ത്തടിക്കുന്ന ദീര്‍ഘദൃഷ്ടിയില്ലാത്തവരൊന്നുമല്ല ഗള്‍ഫില്‍ പുതിയ തലമുറ ഭരണാധികാരികള്‍. കൂടാതെ ഗള്‍ഫില്‍ ഇക്കോണമി ഇപ്പോള്‍ എണ്ണയെ മാത്രം ആശ്രയിച്ചൊന്നുമല്ല നില നില്‍ക്കുന്നത്.
പണ്ട് കുവൈറ്റില്‍ നിന്ന് തിരിച്ചു വരേണ്ടി വന്ന മലയാളികള്‍ക്കും ഇതേ ഉപദേശങ്ങള്‍ തന്നെയാണ് കിട്ടിയിരുന്നത്. എന്നിട്ടും രണ്ടോ മൂന്നോ കൊല്ലം കഴിയുമ്പോഴേക്കും എല്ലാവരും തിരിച്ചു പോയി. അതെ പോലെ ഇപ്പോള്‍ ‘വന്ദേ ഭാരത് മിഷന്‍’ ലൂടെ വരുന്ന പ്രവാസികളും തിരിച്ചു പോകും – കാരണമുണ്ട്.
ഒറീസ്സക്കാരും ആസ്സാംകാരും ബംഗാളികളുമൊക്കെ കേരളത്തില്‍ വന്നു എണ്ണൂറും ആയിരവും രൂപ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നത് കേരളത്തില്‍ പ്രവാസികളുണ്ടാക്കുന്ന സമ്പന്നത കൊണ്ടാണ്. സൂറത്തിലും ലക്നൗവിലും ഒക്കെ ഇരുന്നൂറും മുന്നൂറും ആണ് ദിവസകൂലി, അടിമകളെ പോലെയാണ് ജോലിയും പരിഗണയും. പ്രവാസികളില്ലെങ്കില്‍ കേരളത്തിലും പൊറാട്ടയടിക്കുന്നവനും പെയിന്റ് അടിക്കുന്നവനുമൊക്കെ ഇരുന്നൂറും മുന്നൂറുമൊക്കെയേ കൂലി കാണൂ. അത്ര കുറഞ്ഞ കൂലിക്ക് ജോലി ചെയ്താല്‍ കഷ്ടിച്ച് പട്ടിണി മാറ്റാനെ പറ്റു. സ്വപ്നങ്ങള്‍ ഉണ്ടാവില്ല.
പ്രവാസികളില്ലെങ്കില്‍ കേരളത്തിലെ ദിവസക്കൂലി മാത്രമല്ല ഗുജറാത്തിലേത് പോലെ താഴുന്നത്. സര്‍ക്കാരിന്റെ വരുമാനവും താഴും, കാരണം ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് പ്രവാസികളും അവരുടെ കുടുംബവുമാണ്. അതില്ലെങ്കില്‍ സര്‍ക്കാരിന്റെ നികുതിവരുമാനം പകുതിയാവും. നികുതി വരുമാനം കുറഞ്ഞാല്‍ ഇപ്പോള്‍ സുരക്ഷിതര്‍ എന്ന് കരുതുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യം എന്താവുമെന്ന് ഇപ്പോള്‍ കണ്ടതേ ഉള്ളൂ.
ഒരുപാട് സ്വപ്നങ്ങള്‍ ഉള്ളവരാണ് മലയാളികള്‍. ഫ്യൂഡലിസം 1957 ല്‍ തന്നെ അവസാനിപ്പിച്ചവര്‍. ഇവിടെ എല്ലാവര്‍ക്കും ഭൂമി വേണം, വീട് വേണം. വീട്ടില്‍ ചുരുങ്ങിയത് രണ്ടു കക്കൂസെങ്കിലും വേണം. ഉത്തര്‍ പ്രദേശിലെ പോലെ ഒരു ഗ്രാമത്തിന് ഒരു കക്കൂസ് സ്വപ്നം കാണുന്നവരല്ല മലയാളികള്‍. കുട്ടികളെ പാലായില്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന് വിടണം. എന്‍ട്രന്‍സ് കിട്ടിയില്ലെങ്കില്‍ മകനെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ അയക്കണം, മകളെ ചൈനയിലോ ജോര്‍ജിയയിലോ അയച്ചു ഡോക്ടറാക്കണം. പറ്റുമെങ്കില്‍ അമേരിക്കയില്‍ തന്നെ പി.ജി ചെയ്യണം. രോഗം വന്നാല്‍ സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലില്‍ തന്നെ ചികിത്സിക്കണം.
എണ്ണ വില താഴും, പൊങ്ങും, കൊവിഡുകള്‍ വരും, പോകും, യുദ്ധങ്ങള്‍ തുടങ്ങും, അവസാനിക്കും. വന്ന പ്രവാസികള്‍ തിരിച്ചു പോകും. വീണ്ടും വരും, വീണ്ടും പോകും. കാരണം സ്വപ്നങ്ങള്‍ കാണാന്‍ പഠിച്ചു പോയ ഒരു ജനതയാണ്. ഒരിക്കല്‍ സ്വപ്നം കാണാന്‍ പഠിച്ചാല്‍ പിന്നെ ഒരിക്കലും അടിമയാകാന്‍ കഴിയില്ല. അതുകൊണ്ട്, ഉപദേശങ്ങള്‍ കുറച്ചാല്‍ വലിയ ഉപകാരമായിരുന്നു, മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല.
വായനക്കാര്‍ക്ക് ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.