| Wednesday, 7th September 2022, 6:05 pm

'ഇസ്‌ലാമിന് വിരുദ്ധം'; എല്‍.ജി.ബി.ടി.ക്യു പ്ലസ് കണ്ടന്റുകളുടെ പേരില്‍ നെറ്റ്ഫ്‌ളിക്‌സിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓണ്‍ലൈന്‍ സ്ട്രീമിങ് ഭീമനായ നെറ്റ്ഫ്‌ളിക്‌സിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍. ‘ഇസ്‌ലാമിനും സാമൂഹിക മൂല്യങ്ങള്‍ക്കും എതിരായ’ കണ്ടന്റുകള്‍ നെറ്റ്ഫ്‌ളിക്‌സ് നീക്കം ചെയ്യണമെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്.

സൗദി അറേബ്യയുടെ മീഡിയ റെഗുലേറ്ററി അതോറിറ്റിയും ആറംഗ ഗള്‍ഫ് കോ ഓപറേഷന്‍ കൗണ്‍സിലും (ജി.സി.സി) ചേര്‍ന്നാണ് യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെറ്റ്ഫ്‌ളിക്‌സിനെതിരെ ഇസ്‌ലാമിന് ‘വിരുദ്ധമായ’ ഉള്ളടക്കം പ്രക്ഷേപണം ചെയ്തതിന് നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ചൊവ്വാഴ്ച പ്രസ്താവന പുറത്തിറക്കിയത്.

”കുട്ടികളെയടക്കം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇത്തരം കണ്ടന്റുകള്‍ ഉള്‍പ്പെടെ ഉടന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഞങ്ങള്‍ നെറ്റ്ഫ്‌ളിക്‌സിനെ ബന്ധപ്പെട്ടിട്ടുണ്ട്,” പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ എത്തരത്തിലുള്ള കണ്ടന്റുകളാണ് ഈ നീക്കത്തിലേക്ക് നയിച്ചതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം എല്‍.ജി.ബി.ടി.ക്യു പ്ലസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമകളും ഷോകളെയുമാണ് ‘പ്രശ്‌നമുള്ള കണ്ടന്റുകളാ’യി സൗദി സ്റ്റേറ്റ് മീഡിയ ഹൈലൈറ്റ് ചെയ്യുന്നത്.

പ്ലാറ്റ്‌ഫോം (നെറ്റ്ഫ്‌ളിക്‌സ്) ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പ്രാദേശിക അധികാരികള്‍ തുടര്‍ന്നും പരിശോധിക്കുമെന്നും ഇവ ലംഘിക്കുന്ന തരത്തിലുള്ള കണ്ടന്റുകള്‍ പ്രക്ഷേപണം ചെയ്യുന്നത് തുടര്‍ന്നാല്‍ അതിനെതിരെ ആവശ്യമായ നിയമ നടപടികള്‍ കൈക്കൊള്ളുമെന്നും സംയുക്ത പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

നെറ്റ്ഫ്‌ളിക്‌സുമായി ബന്ധപ്പെട്ട ഈ വിഷയം ചര്‍ച്ച ചെയ്യുന്ന ഒരു പരിപാടിക്കിടെ സൗദി ചാനലായ അല്‍ ഇഖ്ബാരിയ ടി.വി, ജുറാസിക് വേള്‍ഡ് ക്യാമ്പ് ക്രിറ്റേഷ്യസ് (Jurassic World Camp Cretaceous) എന്ന ആനിമേറ്റഡ് സീരീസില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികളെ ആലിംഗനം ചെയ്യുന്നതായുള്ള ആനിമേഷന്‍ ക്ലിപ്പുകള്‍ കാണിച്ചിരുന്നു.

‘ഇത്തരം ദൃശ്യങ്ങള്‍ നമ്മുടെ മക്കളെയും പേരക്കുട്ടികളെയും വരും തലമുറയെയും വളരെ മോശമായി ബാധിക്കും. ഇത് നിര്‍ഭാഗ്യകരവും വേദനാജനകവുമായ ക്ലിപ്പുകളാണ്’ എന്നാണ് അല്‍ ഇഖ്ബാരിയ ചാനലിലെ അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ട് ഒരു അഭിഭാഷകന്‍ പറഞ്ഞതെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച യു.എ.ഇയും നെറ്റ്ഫ്‌ളിക്സിനെക്കുറിച്ച് സമാനമായ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. വരും ദിവസങ്ങളില്‍ പ്ലാറ്റ്ഫോം സംപ്രേക്ഷണം ചെയ്യുന്ന കണ്ടന്റുകള്‍ നിരീക്ഷിക്കുമെന്നും രാജ്യത്ത് നിലനില്‍ക്കുന്ന ‘പ്രക്ഷേപണ നിയന്ത്രണങ്ങളോട് പ്രതിബദ്ധത വിലയിരുത്തുമെന്നു’മാണ് യു.എ.ഇ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്.

മുമ്പും സ്വവര്‍ഗാനുരാഗത്തെയും ഹോമോസെക്ഷ്വാലിറ്റിയെയുമൊക്കെ പിന്തുണക്കുന്നു എന്ന പേരില്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിരവധി സിനിമകളെ നിരോധിക്കുകയും മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഡിസ്‌നിയുടെ ആനിമേറ്റഡ് ചിത്രമായ ലൈറ്റ്ഇയര്‍ നേരത്തെ യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടിരുന്നു. സ്വവര്‍ഗാനുരാഗികളായ കഥാപാത്രങ്ങളുണ്ട്, എല്‍.ജി.ബി.ടി.ക്യു ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നീ കാരണങ്ങള്‍ പറഞ്ഞായിരുന്നു സിനിമയുടെ സ്‌ക്രീനിങ് നിരോധിച്ചത്.

മാര്‍വല്‍ ചിത്രം ഡോക്ടര്‍ സ്‌ട്രേഞ്ച് ഇന്‍ ദ മള്‍ട്ടിവേള്‍ഡ് ഓഫ് മാഡ്‌നെസ്, മാര്‍വല്‍സിന്റെ തന്നെ സൂപ്പര്‍ഹീറോ ചിത്രമായ ഇറ്റേണല്‍സ് എന്നിവയുടെ പ്രദര്‍ശനത്തിനും ഇതേ സ്വവര്‍ഗാനുരാഗ കഥാപാത്രങ്ങളുടെ പേരില്‍ സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ അനുമതി നിഷേധിച്ചിരുന്നു.

മാര്‍വല്‍ ഇറ്റേണല്‍സില്‍ ഗേ കഥാപാത്രങ്ങള്‍ ഉണ്ടായതായിരുന്നു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രശ്‌നമായത്. സ്വവര്‍ഗാനുരാഗ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ഈ രാജ്യങ്ങളിലെ സെന്‍സര്‍ ബോര്‍ഡുകള്‍ ഡിസ്‌നിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഡിസ്‌നി അതിന് തയ്യാറായിരുന്നില്ല.

ഡോക്ടര്‍ സ്‌ട്രേഞ്ചിലെ എല്‍.ജി.ബി.ടി.ക്യു പ്ലസ് റഫറന്‍സുകള്‍ നീക്കം ചെയ്യണമെന്നും 2017ല്‍ സൗദി അറേബ്യ ഡിസ്‌നിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ഡിസ്‌നി സമ്മതിക്കാതിരുന്നതോടെയാണ് റിലീസിന് സൗദിയും ഖത്തറുമടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ അനുമതി നല്‍കാതിരുന്നത്.

2020ല്‍ ഡിസ്‌നിയുടെ തന്നെ ഓണ്‍വേര്‍ഡ് (Onward) എന്ന സിനിമയും ഗള്‍ഫ് രാജ്യങ്ങളിലും, പുറമെ വിവിധ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും നിരോധിക്കപ്പെട്ടിരുന്നു. സ്വവര്‍ഗാനുരാഗ റഫറന്‍സുകളുടെ പേരിലായിരുന്നു ചിത്രം നിരോധിച്ചത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഹോളിവുഡ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സാധാരണയായി ചിത്രത്തിലെ ഫിസിക്കല്‍ ഇന്റിമസി സീനുകളില്‍ പലതും സെന്‍സര്‍ ചെയ്യപ്പെടാറുമുണ്ട്.

ഇതിനെല്ലാം പുറമെ, ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍, സൗദി തലസ്ഥാനമായ റിയാദിലെ കടകളില്‍ നിന്നും മഴവില്‍ നിറങ്ങളിലുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമെല്ലാം സൗദി അധികൃതര്‍ കണ്ടുകെട്ടിയിരുന്നു.

സ്വവര്‍ഗാനുരാഗത്തെ പ്രൊമോട്ട് ചെയ്യുന്നു എന്ന പേരിലായിരുന്നു എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്ന മഴവില്‍ നിറങ്ങളിലുള്ള കളിപ്പാട്ടങ്ങള്‍ വരെ സൗദി അധികൃതര്‍ കണ്ടെടുത്തത്.

ഈ കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുന്നത് സ്വാഭാവികമായും ചെറിയ പ്രായത്തിലുള്ള കുട്ടികളാണ്. അതുകൊണ്ട് തന്നെ ഇവ ഉപയോഗിക്കുന്നത് കുട്ടികളുടെ മനസില്‍ സ്വര്‍ഗാനുരാഗ ചിന്തയുണ്ടാക്കുമെന്നും അത് കുട്ടികളുടെ ഭാവിയെ മോശമായി ബാധിക്കുമെന്നുമൊക്കെയായിരുന്നു അധികൃതരുടെ വാദം.

ഹോമോസെക്ഷ്വല്‍ നിറങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഇസ്‌ലാമിക വിശ്വാസത്തിനും പൊതു സദാചാരത്തിനും വിരുദ്ധമായി നില്‍ക്കുകയും ചെയ്യുന്ന വസ്തുക്കളെയാണ് ഞങ്ങള്‍ കണ്ടുകെട്ടുന്നത് എന്നായിരുന്നു സൗദിയിലെ കൊമേഴ്‌സ് മന്ത്രാലയത്തില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

Content Highlight: Gulf countries warn Netflix over content that is ‘offensive’ to Islam, referring to movies and shows that referenced LGBT characters

We use cookies to give you the best possible experience. Learn more