കുവൈറ്റ് സിറ്റി: നെതർലൻഡ്സിലെ ഹേഗ് നഗരത്തിൽ എംബസികൾക്ക് മുന്നിൽ ഖുർആൻ വലിച്ചു കീറിയ സംഭവത്തെ അപലപിച്ച് കുവൈറ്റ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ. നിരന്തരമുണ്ടാകുന്ന വിദ്വേഷപ്രവൃത്തികൾ അംഗീകരിക്കാനാകില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ നടക്കുന്ന ഇത്തരം പ്രകോപനപരമായ പ്രവൃത്തികൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണമെന്നും കുവൈറ്റിലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മതവിശ്വാസങ്ങളെ തകർക്കുകയും സഹിഷ്ണുതക്ക് ഭംഗം വരുത്തുകയും ചെയ്യുന്ന നടപടികളെ ഒരുമിച്ച് നിന്ന് ചെറുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സൗദി അറേബ്യയും ഖത്തറും പാകിസ്ഥാനും സംഭവത്തെ അപലപിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ഇത്തരം പ്രവൃത്തികൾ വിദ്വേഷവും വംശീയതയും പ്രചരിപ്പിക്കുന്നതാണെന്ന് സൗദി കുറ്റപ്പെടുത്തി. ഇസ്‌ലാമിനെതിരായ വിദ്വേഷ പ്രസംഗങ്ങളും ക്യാമ്പയ്നുകളും ലോകമെമ്പാടുമുള്ള മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അപകടമാംവിധം വർധിപ്പിച്ചുവെന്ന് ഖത്തർ പറഞ്ഞു.
നെതർലൻഡ്സിലെ ഹേഗിൽ സ്ഥിതി ചെയ്യുന്ന തുർക്കി, പാകിസ്ഥാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ എംബസികൾക്ക് മുമ്പിൽ ഇസ്‌ലാം വിരുദ്ധ, തീവ്ര വലതുപക്ഷ ഗ്രൂപ്പായ പെഗിഡ ഖുർആന്റെ കോപ്പികൾ വലിച്ചുകീറുകയും ചവിട്ടുകയും ചെയ്തിരുന്നു.
ഒ.ഐ.സി, ജി.സി.സി, മുസ്‌ലിം വേൾഡ് ലീഗ് തുടങ്ങിയ സംഘടനകളും സംഭവത്തിൽ നെതർലൻഡ്സിനെ പ്രതിഷേധം അറിയിച്ചിരുന്നു. നെതർലൻഡ്സിൽ മുമ്പും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
Content Highlight: Gulf countries condemn desecration of Quran in Netherlands