അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസിന്റെ ശിക്ഷാവിധി പ്രഖ്യാപിച്ചു. 11 പേര്‍ക്ക് ജീവപര്യന്തവും 12 പ്രതികള്‍ക്ക് 7 വര്‍ഷം തടവ് ശിക്ഷയും 1 ആള്‍ക്ക് 10 വര്‍ഷവും തടവ് ശിക്ഷയുമാണ് വിധിച്ചത്.
അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷയാണ് കോടതി പ്രഖ്യാപിച്ചത്.
ഗുജറാത്തിലെ ഗോധ്ര കലാപത്തിനു ശേഷം 2002 ഫെബ്രുവരി 28നു നടന്ന ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് മുന്‍ എംപി എഹ്‌സാന്‍ ജഫ്രി ഉള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ടിരുന്നു. 200 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
കേസില്‍ 24 പേരെയാണ് പ്രത്യേക കോടതി കുറ്റക്കാരായി പ്രഖ്യാപിച്ചത്. പ്രത്യേക കോടതി ജഡ്ജി പി.ബി. ദേശായി 36 പേരെ കുറ്റവിമുക്തരാക്കിയിരുന്നു.
ബി.ജെ.പി നേതാവ് ബിബിന്‍ പട്ടേലിനെയും വെറുതെ വിട്ടിരുന്നു. വി.എച്ച്.പി നേതാവ് അതുല്‍ വേദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 13 പേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി.
പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കൊലപാതകം കരുതിക്കൂട്ടിയുള്ളതല്ല മറിച്ച് പെട്ടെന്നുണ്ടായ വികാരത്തിന്റെ പുറത്ത് സംഭവിച്ചതാണെന്നും അതിനാല്‍ വധശിക്ഷ നല്‍കരുതെന്നുമാണ് പ്രതിഭാഗം വാദിച്ചത്.
കേസില്‍ ശിക്ഷാവിധി പ്രസ്താവിക്കുന്നത് മൂന്ന് തവണ മാറ്റിവെച്ചിരുന്നു. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച ഒമ്പത് കേസുകളില്‍ ഒന്നാണ് ഗുല്‍ബര്‍ഗ് കൂട്ടക്കൊല.
പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 66 പ്രതികളാണ് ഉള്ളത്. ഇതില്‍ ഒമ്പത് പേര്‍ 14 വര്‍ഷമായി ജയിലിലാണ്. മറ്റുള്ളവര്‍ വിവിധ ഘട്ടങ്ങളിലായി ജാമ്യത്തില്‍ ഇറങ്ങി. കേസിന്റെ വിചാരണ പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്നാണ് വിധി പ്രഖ്യാപിക്കല്‍ മാറ്റിവച്ചിരുന്നത്.
2002ല്‍ ഗോധ്ര സംഭവത്തിന് തൊട്ടടുത്ത ദിവസം കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ വീട്ടില്‍ അഭയം തേടിയ മുസ്ലിംകളെ വിഎച്ച്പി പ്രവര്‍ത്തകരടങ്ങുന്ന ജനക്കൂട്ടം ചുട്ടുകൊല്ലുകയായിരുന്നു.
31 പേരെ കാണാതായി. സ്ത്രീകളും പെണ്‍കുട്ടികളും ബലാത്സംഗത്തിനിരയാകുകയും ചെയ്തു. അക്രമികള്‍ വീട് വളഞ്ഞപ്പോള്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രി ഫോണില്‍ വിളിച്ച് സഹായം തേടിയെങ്കിലും മോഡി ഇടപെടാന്‍ വിസമ്മതിച്ചുവെന്നും ആരോപണമുണ്ട്.
സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
ജാഫ്രിയുടെ ഭാര്യ സകിയ ജാഫ്രികേസില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് 14 വര്‍ഷം നീണ്ട നിയമയുദ്ധത്തിന് തുടക്കമായത്.
മുന്‍ സി.ബി.ഐ ഡയറക്ടര്‍ ആര്‍.കെ. രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തിന് രൂപം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിച്ച കേസിലെ വിചാരണ നടപടികള്‍ 2015 സെപ്റ്റംബര്‍ 22നാണ് പൂര്‍ത്തിയായത്.
ഗുജറാത്ത് വംശഹത്യയിലെ ഏറ്റവും വലിയ കൂട്ടക്കുരുതി നടന്ന നരോദ പാട്യയില്‍ 126 പേരാണ് കൊല്ലപ്പെട്ടത്. ഈ കേസില്‍ മുന്‍ മന്ത്രി മായാ കോട്‌നാനി അടക്കം 32 പേരെ ശിക്ഷിച്ചുകൊണ്ട് 2012 ആഗസ്റ്റില്‍ കോടതി വിധി പ്രഖ്യാപിച്ചിരുന്നു.