ബംഗളുരു: കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി റാഗിങ്ങിനിരയായ സംഭവത്തില്‍ അല്‍ഖമര്‍ നഴ്‌സിങ് കോളേജിന് അനുകൂലമായി സര്‍വകലാശാലാ സമിതി റിപ്പോര്‍ട്ട്. കോളേജുള്‍പ്പെടുന്ന രാജീവ്ഗാന്ധി സര്‍വകലാശാലാ സമിതിയാണ് റാഗിങ് നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയത്. പെണ്‍കുട്ടി കുടുംബ പ്രശ്‌നം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സര്‍വകലാശാലാ വി.സിക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട് ഉടന്‍ തന്നെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശരണ്‍ പ്രകാശ് പാട്ടീലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷണത്തിന് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയത്.
സംഭവത്തില്‍ ഇതേ വിശദീകരണം തന്നെയായിരുന്നു അല്‍ഖമര്‍ നഴ്‌സിങ് കോളേജ് അധികൃതര്‍ നേരത്തെ നല്‍കിയിരുന്നത്. പെണ്‍കുട്ടിയുടെ ആരോപണം ഞെട്ടിക്കുന്നതാണെന്നും കോളേജ് അധികൃതര്‍ അന്ന് പറഞ്ഞിരുന്നു. ഗുല്‍ബര്‍ഗ ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിലും ആത്മഹത്യാ ശ്രമം എന്നാണ് കാണിച്ചിരുന്നത്.
മലയാളികളായ നാലു സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനിരയായി അതിഗുരുതരമായി പരുക്കേറ്റ അശ്വതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. റാഗിങ്ങിന്റെ ഭാഗമായി ശുചിമുറിയില്‍ ഉപയോഗിക്കുന്ന ക്ലീനിങ് ലോഷന്‍ കുടിപ്പിക്കുകയായിരുന്നു. അന്നനാളം വെന്തുരുകിയ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കേരള പോലീസ് നല്‍കിയ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ കേസേറ്റെടുത്ത ഗുല്‍ബര്‍ഗ പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. ഗുല്‍ബര്‍ഗ ഡി.വൈ.എസ്.പി എസ്. ജാഹ്നവിയും സംഘവും കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി അശ്വതിയുടേയും മാതാപിതാക്കളുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് എടപ്പാളിലെത്തി അന്വേഷണ സംഘം അശ്വതിയുടെ ബന്ധുക്കളുടേയും കുട്ടിയെ ആദ്യം ചികിത്സിച്ച ഡോക്ടറുടേയും മൊഴിയെടുത്തു.
റാഗിങിന് വിധേയയായെന്ന് ആശ്വതി മൊഴി നല്‍കിയതായി ഡി.വൈ.എസ്.പി ജാഹ്നവി പറഞ്ഞു. എന്നാല്‍ കുട്ടി ഗുരുതരാവസ്ഥയിലായത് റാഗിങ് മൂലമാണോ നടന്നത് ആത്മഹത്യാ ശ്രമമാണോ എന്ന് വ്യക്തമായിട്ടില്ലെന്നും അവര്‍ അറിയിച്ചു.