| Thursday, 30th June 2016, 7:17 pm

ഗുല്‍ബര്‍ഗ റാഗിങ്; പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളുരു: ഗുല്‍ബര്‍ഗയില്‍ മലയാളി വിദ്യാര്‍ഥിനി അശ്വതി റാഗിങിനിരയായ സംഭവത്തില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികളുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. ഗുല്‍ബര്‍ഗ രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പെണ്‍കുട്ടികള്‍ അഭിഭാഷകന്‍ മുഖേനയായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്.

ഇവര്‍ ആദ്യം സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിച്ചെങ്കിലും കേസന്വേഷണവുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് കേരളത്തിലുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിക്കുകയായിരുന്നു. തുടര്‍ന്ന് ഇത് വീണ്ടും പരിഗണിക്കുന്നതിന് വെള്ളിയാഴ്ചത്തേക്കു മാറ്റിയിരുന്നു. ഇതിനിടയിലാണ് ഇടക്കാല ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

ഗുല്‍ബര്‍ഗയിലെ അല്‍ഖമര്‍ നഴ്‌സിങ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി എടപ്പാള്‍ സ്വദേശി അശ്വതിയെ റാഗ് ചെയ്‌തെന്ന പരാതിയെത്തുടര്‍ന്നാണ് സീനിയര്‍ വിദ്യാര്‍ഥികളായ ആരതി, ലക്ഷ്മിപ്രിയ, ലക്ഷ്മി എന്നിവരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. ഗുല്‍ബര്‍ഗ സെന്‍ട്രല്‍ ജയിലിലാണ് ഇവരിപ്പോള്‍ നാലാം പ്രതിയായ ശില്‍പയ്ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. അശ്വതിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തറവൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ദ്രാവകം കുടിപ്പിച്ചെന്നാണ് കേസ്.

We use cookies to give you the best possible experience. Learn more