| Friday, 1st July 2016, 5:07 pm

ഗുല്‍ബര്‍ഗ റാഗിങ്; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുല്‍ബര്‍ഗ: കര്‍ണാടക അല്‍ഖമര്‍ നഴ്‌സിങ് കോളേജില്‍ മലയാളി വിദ്യാര്‍ഥിനി റാഗിങ്ങിനിരയായ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

എതിര്‍വാദം സമര്‍പ്പിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സമയം ചോദിച്ചതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഗുല്‍ബര്‍ഗ സെക്കന്‍ഡ് അഡീഷണല്‍ സെഷന്‍സ് കോടതി നാളത്തേക്ക് മാറ്റിയത്.

അല്‍ഖമര്‍ നഴസിങ് കോളേജിലെ മലയാളി വിദ്യാര്‍ഥിനി അശ്വതി റാഗിങ്ങിനിരയായ സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥികളായ ആരതി, ലക്ഷ്മി, കൃഷ്ണപ്രിയ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഗുല്‍ബര്‍ഗ സെന്‍ട്രല്‍ ജയിലിലാണുള്ളത്. ഒളിവില്‍ പോയ നാലാം പ്രതിയായ ശില്‍പ ജോസിനെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

മലയാളികളായ നാലു സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനിരയായി അതിഗുരുതരമായി പരുക്കേറ്റ അശ്വതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. റാഗിങ്ങിന്റെ ഭാഗമായി ശുചിമുറിയില്‍ ഉപയോഗിക്കുന്ന ക്ലീനിങ് ലോഷന്‍ കുടിപ്പിക്കുകയായിരുന്നു. അന്നനാളം വെന്തുരുകിയ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേരള പോലീസ് നല്‍കിയ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ കേസേറ്റെടുത്ത ഗുല്‍ബര്‍ഗ പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. ഗുല്‍ബര്‍ഗ ഡി.വൈ.എസ്.പി എസ്. ജാഹ്നവിയും സംഘവും നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി അശ്വതിയുടേയും മാതാപിതാക്കളുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് എടപ്പാളിലെത്തി അന്വേഷണ സംഘം അശ്വതിയുടെ ബന്ധുക്കളുടേയും കുട്ടിയെ ആദ്യം ചികിത്സിച്ച ഡോക്ടറുടേയും മൊഴിയെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more