അഹമ്മദാബാദ്: 2002 ലെ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ ബന്ധുക്കളെ നഷ്ടപ്പെട്ട സഹോദരങ്ങള്‍ ബി.ജെ.പിയ്‌ക്കെതിരെ മത്സരിക്കുന്നു. ഇംതിയാസ് പത്താന്‍ ഫിറോസ് പത്താന്‍ എന്നീ സഹോദരങ്ങളാണ് മത്സരിക്കുന്നത്. കലാപത്തില്‍ ഇവരുടെ കുടുംബത്തില്‍ നിന്ന് 10 പേരാണ് കൊല്ലപ്പെട്ടത്.
ഫിറോസ് പത്താന്‍ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അമിത് ഷായ്‌ക്കെതിരെയും ഇംതിയാസ് ഖേദയില്‍ അപ്‌നാ ദേശ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായുമാണ് മത്സരിക്കുന്നത്.
ഗുജറാത്ത് കലാപ ഇരകള്‍ക്ക് നീതി ലഭിച്ചില്ലെന്നും തങ്ങളുടെ വിഷയം ഉന്നയിക്കാന്‍ ഒരു ന്യൂനപക്ഷ എം.പി ഇല്ലെന്നും ഫിറോസ് പത്താന്‍ പറഞ്ഞു. ഇഹ്‌സാന്‍ ജാഫ്രി (കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എം.പി) ഉണ്ടായിരുന്നെങ്കില്‍ സ്ഥിതി ഇങ്ങനെ ആകില്ലായിരുന്നുവെന്നും ഫിറോസ് പത്താന്‍ പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ച് പോകില്ലേയെന്ന ചോദ്യത്തിന് ഇല്ലായെന്ന മറുപടിയാണ് ഫിറോസ് പത്താന്‍ നല്‍കിയത്. ഗാന്ധിനഗര്‍ മണ്ഡലത്തില്‍ 19 ലക്ഷം വോട്ടര്‍മാരുണ്ടെന്നും ഇവരില്‍ ഒരു ലക്ഷം മാത്രമേ മുസ്‌ലിം വോട്ടര്‍മാരുള്ളൂവെന്നും ഫിറോസ് പത്താന്‍ പറഞ്ഞു. അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി എം.എല്‍.എ കിഷോര്‍ ചൗഹാന് മുസ്‌ലിം വോട്ടുകള്‍ കിട്ടാറുണ്ടെന്നും ഫിറോസ് പത്താന്‍ പറഞ്ഞു.
ഗുജറാത്ത് കലാപ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ടീസ്ത സെതല്‍വാദിനെതിരെയും ഭര്‍ത്താവ് ജാവേദ് ആനന്ദിനെതിരെയും ഫണ്ട് തട്ടിപ്പ് നടത്തിയെന്ന് പരാതി നല്‍കിയവരില്‍ ഒരാളാണ് ഫിറോസ് പത്താന്‍.