| Friday, 17th June 2016, 9:26 am

ഗുല്‍ബര്‍ഗ് കൂട്ടക്കൊല; വിധി പ്രഖ്യാപനം ഇന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്


അഹമ്മദാബാദ്: മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫ്രി അടക്കം 69 പേര്‍ കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷ ഇന്നു പ്രഖ്യാപിക്കും. അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. പതിനാല് വര്‍ഷത്തെ നിയമ നടപടികള്‍ക്ക് ശേഷം 24 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രത്യേക കോടതി ജഡ്ജി പി.ബി ദേശായിയാണ് ശിക്ഷാവിധി പ്രസ്താവിക്കുന്നത്.
ഗുജറാത്ത് കലാപത്തിനിടെ 2002 ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം. ഈ മാസം രണ്ടിന് വിധി പറഞ്ഞ കേസില്‍ 24 പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി 36 പേരെ വെറുതെ വിട്ടിരുന്നു. ബി.ജെ.പി നേതാവ് ബിബിന്‍ പട്ടേലിനെ വെറുതെ വിട്ടു. വി.എച്ച്.പി നേതാവ് അതുല്‍ വേദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 13 പേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കൊലപാതകം കരുതിക്കൂട്ടിയുള്ളതല്ല മറിച്ച് പെട്ടെന്നുണ്ടായ വികാരത്തിന്റെ പുറത്ത് സംഭവിച്ചതാണെന്നും അതിനാല്‍ വധശിക്ഷ നല്‍കരുതെന്നുമാണ് പ്രതിഭാഗം വാദിച്ചത്. നേരത്തെ ഈ മാസം മൂന്ന് തവണ ശിക്ഷാവിധി പ്രസ്താവിക്കുന്നത് മാറ്റിവെച്ചിരുന്നു.

2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച ഒമ്പത് കേസുകളില്‍ ഒന്നാണ് ഗുല്‍ബര്‍ഗ് കൂട്ടക്കൊല. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 66 പ്രതികളാണ് ഉള്ളത്. ഇതില്‍ ഒമ്പത് പേര്‍ 14 വര്‍ഷമായി ജയിലിലാണ്. മറ്റുള്ളവര്‍ വിവിധ ഘട്ടങ്ങളിലായി ജാമ്യത്തില്‍ ഇറങ്ങിയിട്ടുണ്ട്.

58 കര്‍സേവകരുടെ മരണത്തിന് ഇടയാക്കിയ ഗോധ്ര ട്രെയിന്‍ തീവെപ്പിന്റെ തൊട്ടടുത്ത ദിവസമാണ് ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊല അരങ്ങേറിയത്. ഗോധ്ര സംഭവത്തെ തുടര്‍ന്ന് ഗുജറാത്തിലാകെ അരങ്ങേറിയ കലാപങ്ങളില്‍ 2000 ത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്.

We use cookies to give you the best possible experience. Learn more