ഗുല്‍ബര്‍ഗ് കൂട്ടക്കൊല; വിധി പ്രസ്താവിക്കുന്നത് ജൂണ്‍ ഒമ്പതിലേക്ക് മാറ്റി
Daily News
ഗുല്‍ബര്‍ഗ് കൂട്ടക്കൊല; വിധി പ്രസ്താവിക്കുന്നത് ജൂണ്‍ ഒമ്പതിലേക്ക് മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th June 2016, 5:51 pm

gulberg

അഹമ്മദാബാദ്: മുന്‍ കോണ്‍ഗ്രസ് എം.പി അടക്കം 69 പേര്‍ കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ ശിക്ഷാ വിധി ജൂണ്‍ ഒന്‍പതിലേക്ക് മാറ്റി. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നാണ് അഹമ്മദാബാദ് പ്രത്യേക കോടതി അറിയിച്ചിരുന്നതെങ്കിലും അന്തിമവാദം കേട്ടശേഷം കൂടുതല്‍ സമയം വേണമെന്ന നിലപാടിലേക്ക് മാറുകയായിരുന്നു.

കേസില്‍ ഇരുഭാഗത്തിന്റേയും വാദം കേട്ടശേഷമാണ് വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കോടതി അറിയിച്ചത്. അഹമ്മദാബാദ് പ്രത്യേക കോടതി ജഡ്ജി പി.ബി.ദേശായിയാണ് ശിക്ഷ വിധിക്കുക.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ പെട്ടെന്നുണ്ടായ പ്രകോപനമാണ് കൂട്ടക്കൊലയ്ക്ക് ഇടയാക്കിയതെന്നായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്.

ഒരു തെറ്റും ചെയ്യാത്തവരാണ് ഗുല്‍ബര്‍ഗില്‍ ദാരുണമായി കൊല്ലപ്പെട്ടതെന്നും കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ വാദിച്ചു.

കുടുംബാംഗങ്ങളെ നഷ്ടപ്പെടുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന വേദന കുറ്റവാളികള്‍ ഉള്‍ക്കൊളളണമെന്ന് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി പറഞ്ഞു. കഴിഞ്ഞ പതിനാല്‍ വര്‍ഷമായി കോടതി വിധിയ്ക്കായി താന്‍ കാത്തിരിക്കുകയാണെന്നും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്നും സാക്കിയ ജഫ്രി പറഞ്ഞു.

സംഭവത്തില്‍ 24 പ്രതികള്‍ കുറ്റക്കാരാണെന്നു പ്രത്യേക കോടതി കഴിഞ്ഞ രണ്ടിനു വിധി പ്രഖ്യാപിച്ചിരുന്നു. കൈലാഷ് ഡോബി, യോഗേന്ദ്ര സിങ് ഷെഖാവത്, കൃഷ്ണകുമാര്‍ കലാല്‍, ദിലീപ് കാലു, ജയേഷ് പാര്‍മര്‍, രാജു തിവാരി, നരേന്‍ ടങ്, ലക്ഷണ്‍സിങ് ചുഡാസമ, ദിനേഷ് ശര്‍മ, ഭാരത് ബലോദിയ, ഭരത് രാജ്പുത് എന്നിവര്‍ക്കെതിരെയാണു കൊലക്കുറ്റം ചുമത്തിയത്.

കുറ്റക്കാരെന്നു കണ്ടെത്തിയ 24 പേരില്‍ 11 പേര്‍ക്കെതിരെ കൊലപാതകക്കുറ്റവും 13 പേര്‍ക്കെതിരെ മറ്റു ചെറിയ വകുപ്പുകളുമാണ് ചുമത്തിയിരുന്നത്. കൂട്ടക്കൊല കഴിഞ്ഞ് 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രതികള്‍ക്കുളള ശിക്ഷ പ്രഖ്യാപിക്കാന്‍ പോവുന്നത്.

2002ല്‍ ഗുജറാത്ത് കലാപത്തിനിടെയാണ് ഗുല്‍ബര്‍ഗ് കൂട്ടക്കൊല നടന്നത്. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച ഒമ്പത് കേസുകളില്‍ ഒന്നാണ് ഗുല്‍ബര്‍ഗ് കേസ്.