ന്യൂദല്‍ഹി: സല്‍മാന്‍ ഖുര്‍ഷിദിന്റെ പുതിയ പുസ്തകത്തിലെ ഹിന്ദുത്വ പരാമര്‍ശത്തെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.
സണ്‍റൈസ് ഓവര്‍ അയോധ്യ; നാഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ് (Sunrise over Ayodhya: Nationhood in our Times) എന്ന പുസ്തകത്തിലെ വിവാദമായിരിക്കുന്ന പരാമര്‍ശം വസ്തുതാവിരുദ്ധവും അതിശയോക്തിയുമാണെന്നാണ് ആസാദ് വിമര്‍ശിച്ചത്.
ഹിന്ദുത്വ, അതിന്റെ പൊളിറ്റിക്കല്‍ വേര്‍ഷനില്‍ ജിഹാദിസ്റ്റ് ഇസ്‌ലാം ഗ്രൂപ്പുകളായ ഐ.എസ്.ഐ.എസ്, ബൊക്കോ ഹറാം എന്നിവയുമായി സാമ്യമുള്ളതാണ് എന്നാണ് പുസ്തകത്തില്‍ പറയുന്നത്. ഈ താരതമ്യപ്പെടുത്തല്‍ തെറ്റാണെന്നാണ് ഇപ്പോള്‍ ആസാദ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
”ഹിന്ദുത്വ ഒരു രാഷ്ട്രീയ ആശയം എന്ന നിലയില്‍ നമ്മള്‍ അംഗീകരിക്കണമെന്നില്ല. എന്നാലും ജിഹാദിസ്റ്റ് ഇസ്‌ലാമുമായും ഐ.എസ്.ഐ.എസുമായും അതിനെ താരതമ്യപ്പെടുത്തുന്നത് തെറ്റാണ്. അതൊരു അതിശയോക്തിയാണ്,” ആസാദ് പറഞ്ഞു.
അതേസമയം ആസാദിന്റെ പരാമര്‍ശത്തോട് ഖുര്‍ഷിദും പ്രതികരിച്ചിട്ടുണ്ട്.
”ആസാദ് വളരെ അനുഭവ സമ്പത്തുള്ള ഒരാളാണ്. അദ്ദേഹത്തിന്റെ അഭിപ്രായം ഗൗരവമായെടുക്കുന്നു. ഹിന്ദുത്വ ആശയത്തെ എതിര്‍ക്കുന്നുണ്ടെന്ന് അദ്ദേഹവും പറഞ്ഞിട്ടുണ്ട്. അത് എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. അത്രയേ ഉള്ളൂ,” എന്നായിരുന്നു ഖുര്‍ഷിദിന്റെ മറുപടി.
കഴിഞ്ഞ ദിവസം ഖുര്‍ഷിദിന്റെ പുസ്തകത്തെ വിമര്‍ശിച്ച് ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് ഖുര്‍ഷിദിനെ പുറത്താക്കണമെന്നും ഹിന്ദുക്കളെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ സോണിയ ഗാന്ധി പരാമര്‍ശത്തിന് വിശദീകരണം നല്‍കണമെന്നുമാണ് ബി.ജെ.പി ആവശ്യപ്പെട്ടത്.
അടുത്ത വര്‍ഷം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് മുസ്‌ലിം വോട്ടുകള്‍ക്ക് വേണ്ടി വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മുന്‍ കേന്ദ്ര നിയമമന്ത്രി കൂടിയായ ഖുര്‍ഷിദിന്റെ പുസ്തകം പ്രകാശനം ചെയ്തത്. ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്ക വിഷയം, അതിന്മേലുണ്ടായ നിയമയുദ്ധം, അലഹബാദ് ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുടെ വിധികള്‍ എന്നിവയെക്കുറിച്ചാണ് പുസ്തകം.