| Sunday, 6th November 2022, 11:34 pm

പഞ്ചാബിലെ ഒരാള്‍ പോലും ഇനി ആം ആദ്മിക്ക് വോട്ട് ചെയ്യില്ല; ബി.ജെ.പിയെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസിനെ കഴിയൂ: ഗുലാം നബി ആസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കോണ്‍ഗ്രസിന് മാത്രമേ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കഴിയുവെന്ന പ്രസ്താവനയുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് പോയതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് ഗുലാം നബി ആസാദിന്റെ പ്രസ്താവന. ആം ആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും അദ്ദേഹം ഉന്നയിച്ചു. ദല്‍ഹിയിലെ ഒരു പാര്‍ട്ടി മാത്രമാണ് എ.എ.പിയെന്നാണ് ഗുലാം നബി ആസാദ് പറഞ്ഞത്.

എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസിനെ കുറിച്ചും വരാന്‍ പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളെ കുറിച്ചും ഗുലാം നബി ആസാദ് സംസാരിച്ചത്.

‘പാര്‍ട്ടിയില്‍ നിന്നും വിട്ടുപോന്നെങ്കിലും കോണ്‍ഗ്രസിന്റെ മതേതര നിലപാടുകള്‍ക്ക് ഞാന്‍ എതിരല്ല. പാര്‍ട്ടി സംവിധാനത്തിലെ ദുര്‍ബലത കൊണ്ട് മാത്രമാണ് എനിക്ക് പുറത്ത് പോകേണ്ടി വന്നത്.

ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും കോണ്‍ഗ്രസ് മികച്ച മുന്നേറ്റം കാഴ്ച വെക്കണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. എ.എ.പിക്ക് അതിനുള്ള കഴിവില്ല,’ ഗുലാം നബി ആസാദ് പറയുന്നു.

ഹിന്ദുവിനെയും മുസ്‌ലിമിനെയും കര്‍ഷകനെയും തുടങ്ങി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ആം ആദ്മി പാര്‍ട്ടിക്ക് ഈ സംസ്ഥാനങ്ങളില്‍ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബിലെ ജനങ്ങള്‍ ഇനിയവര്‍ക്ക് ഒരിക്കലും വോട്ട് ചെയ്യില്ലെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ആം ആദ്മി കേന്ദ്ര ഭരണ പ്രദേശമായ ദല്‍ഹിയിലെ ഒരു പാര്‍ട്ടി മാത്രമാണ്. അവര്‍ക്ക് ഒരിക്കലും പഞ്ചാബില്‍ മികച്ച ഭരണം കാഴ്ച വെക്കാനാകില്ല. കോണ്‍ഗ്രസിന് മാത്രമേ ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബി.ജെ.പിയെ വെല്ലുവിളിക്കാന്‍ കഴിയൂ. കാരണം വളരെ ഇന്‍ക്ലൂസിവായ പോളിസിയാണ് കോണ്‍ഗ്രസിന്റേത്,’ ഗുലാം നബി ആസാദ് പറയുന്നു.

വരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് പരസ്യങ്ങള്‍ ഉപയോഗിച്ച് കോലാഹലമുണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്. താഴെ തട്ടില്‍ അവര്‍ക്ക് യാതൊരു പിന്തുണയുമില്ല. സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികവോടെ മത്സരിക്കും. ആം ആദ്മി പാര്‍ട്ടി മുകള്‍ത്തട്ടില്‍ മാത്രമേയുള്ളൂ. താഴെത്തട്ടിലില്ല. ഗുജറാത്തില്‍ കോണ്‍ഗ്രസ് ശക്തമായ പാര്‍ട്ടിയാണ്,’ എന്നാണ് രാഹുല്‍ പറഞ്ഞത്.

അതേസമയം, ഗുജറാത്ത് പിടിക്കാന്‍ പയറ്റി വിജയിച്ച തന്ത്രവുമായി അരവിന്ദ് കെജ്‌രിവാള്‍ ശക്തമായ പ്രചാരണ പരിപാടികളാണ് നടത്തുന്നത്. ഗുജറാത്തിലെ പ്രശസ്തനായ മാധ്യമപ്രവര്‍ത്തകന്‍ ഇസുദന്‍ ഗദ്‌വിയെയാണ് കെജ്‌രിവാള്‍ ഗുജറാത്തിനെ നയിക്കാന്‍ ഉയര്‍ത്തിക്കാണിച്ചിരിക്കുന്നത്.

പാര്‍ട്ടിയില്‍ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായി നടത്തിയ ‘ചൂസ് യുവര്‍ സി.എം’ ക്യാമ്പെയ്നിന്റെ ഭാഗമായുള്ള വോട്ടിങ്ങിലൂടെയാണ് ഗദ്‌വിയെ നിശ്ചയിച്ചത്. വോട്ടെടുപ്പില്‍ പങ്കെടുത്ത 16 ലക്ഷം പേരില്‍ 73% ആളുകളും ഗദ്‌വിയുടെ പേര് നിര്‍ദേശിച്ചതായാണ് കെജ്‌രിവാള്‍ പറഞ്ഞത്.

Content Highlight: Gulam Nabi Azad says AAP can’t challenge BJP and praises Congress

We use cookies to give you the best possible experience. Learn more