| Sunday, 4th September 2022, 5:01 pm

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്; പേരും പതാകയും ജമ്മുവിലെ ജനങ്ങള്‍ തീരുമാനിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: പതിറ്റാണ്ടുകള്‍ നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്. പാര്‍ട്ടിയുടെ പേരും പതാകയും ജമ്മു കശ്മീരിലെ ജനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മുവിലെ സൈനിക് ഗ്രൗണ്ടില്‍ നടന്ന ആദ്യ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും മനസിലാക്കുന്ന ഹിന്ദുസ്ഥാനി നാമമാകും പാര്‍ട്ടിയുടേതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട ശേഷമുള്ള ഗുലാം നബി ആസാദിന്റെ ആദ്യ പൊതുപരിപാടിയാണ് ഞായറാഴ്ച ജമ്മു കശ്മീരില്‍ നടന്നത്. ജമ്മു കശ്മീര്‍ ആസ്ഥാനമായായിരിക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

കശ്മീരിന്റെ സമ്പൂര്‍ണ സംസ്ഥാന പദവി തിരിച്ചുപിടിക്കുക എന്നതായിരിക്കും പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യമെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. ഇതോടൊപ്പം ഭൂസ്വത്തിനുള്ള അവകാശം, കശ്മീരികള്‍ക്കുള്ള തൊഴിലവസരം തുടങ്ങിയ വിഷയങ്ങളും ഉന്നയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഗുലാം നബി ആസാദ് രൂക്ഷമായി വിമര്‍ശിച്ചു. ട്വിറ്റര്‍ കൊണ്ടോ കംമ്പ്യൂട്ടര്‍ കൊണ്ടോ അല്ല രക്തം നല്‍കിയാണ് ഞങ്ങള്‍ കോണ്‍ഗ്രസിനെ വളര്‍ത്തിയതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ചിലര്‍ ഞങ്ങളെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ അവരുടെ സ്വാധീനം ട്വിറ്ററിലും കംമ്പ്യൂട്ടറിലും മാത്രമാണ്. അതുകൊണ്ടാണ് സാധാരണക്കാരുടെ ഇടയില്‍ കോണ്‍ഗ്രസിനെ കാണാത്തതെന്നും ആസാദ് പറഞ്ഞു.

ഓഗസ്റ്റ് 26നാണ് ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു രാജി. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

ഗുലാം നബിക്ക് പിന്തുണയുമായി ജമ്മു കശ്മീരിലെ മുന്‍ ഉപമുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം എഴുപതോളം നേതാക്കളും കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചിരുന്നു.

രാഹുല്‍ ഗാന്ധി വന്നതിന് ശേഷമാണ് പാര്‍ട്ടി പരാജയപ്പെട്ടുതുടങ്ങിയതെന്നും അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞിരുന്നു.

2013ല്‍ നിങ്ങള്‍ (സോണിയ ഗാന്ധി) രാഹുല്‍ ഗാന്ധിയെ വൈസ് പ്രസിഡന്റായി നിയമിച്ചപ്പോള്‍ അതുവരെ നിലനിന്നിരുന്ന എല്ലാ കണ്‍സള്‍ട്ടേറ്റീവ് മെക്കാനിസങ്ങളും രാഹുല്‍ ഗാന്ധി ഇല്ലാതാക്കി. മുന്‍ പരിചയമുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ തഴയപ്പെട്ടു. പുതു തലമുറക്കാരും രാഷ്ട്രീയത്തെ കുറിച്ച് ധാരണയില്ലാത്തവരും പാര്‍ട്ടി വിഷയങ്ങളും പൊതു വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ തുടങ്ങി.

ഇത്തരം പക്വതയില്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണമാണ് മാധ്യമങ്ങളുള്‍പ്പെടെ ഒരു വലിയ ജനക്കൂട്ടം നോക്കിനില്‍ക്കേ രാഹുല്‍ ഗാന്ധി ഒരു സര്‍ക്കാര്‍ ഉത്തരവ് കീറിക്കളഞ്ഞത്. ആ പ്രവര്‍ത്തി പക്വതയില്ലായ്മ തന്നെയായിരുന്നു,’ അദ്ദേഹം രാജിക്കത്തില്‍ കുറിച്ചു.

ഈ പ്രവര്‍ത്തിയാണ് 2014ല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനുള്ള പ്രധാന കാരണമായതെന്നും അദ്ദേഹം രാജിക്കത്തില്‍ ആരോപിച്ചു. നാണംകെട്ട രീതിയിലാണ് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പരാജയപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Gulam Nabi azad launches new party

Latest Stories

We use cookies to give you the best possible experience. Learn more