ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം സാധ്യമാകില്ലെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ഗുലാം നബി ആസാദ്. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് തെരഞ്ഞെടുപ്പുകള്‍ ജയിക്കാനുള്ള കഴിവില്ലെന്നും പലപ്പോഴും സംസ്ഥാന നേതാക്കളുടെ കഴിവ് കൊണ്ടാണ് അവര്‍ രക്ഷപ്പെട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദിന്റെ പരാമര്‍ശം.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ ഭരണം നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും രാജ്യ താല്‍പര്യം സംരക്ഷിക്കുന്ന നേതാക്കളെ ഇന്ന് കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള കഴിവൊന്നുമില്ല. ആരെയും തോല്‍പ്പിക്കാനോ, ജയിപ്പിക്കാനോ അവര്‍ക്കാകില്ല. സംസ്ഥാന നേതാക്കളുടെ മികവ് കൊണ്ടാണ് പലപ്പോഴും കോണ്‍ഗ്രസ് രക്ഷപ്പെട്ട് പോവുന്നത്.
പ്രതിപക്ഷ ഐക്യം സാധ്യമാകില്ല എന്നതാണ് എന്റെ കാഴ്ച്ചപ്പാട്. കഴിഞ്ഞ 40 വര്‍ഷത്തോളം രാജ്യത്തെ എല്ലാവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി പ്രവര്‍ത്തിച്ച ഒരു വ്യക്തി എന്ന നിലയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ സ്വന്തം നാട്ടില്‍ അധികാരം നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
സ്വന്തം അതിര്‍ത്തിക്കപ്പുറത്തേക്ക് പോയാല്‍ പരാജയപ്പെട്ടു പോകുമെന്ന പേടി അവര്‍ക്കുണ്ട്. അല്ലെങ്കില്‍ അവര്‍ക്ക് പകരം മറ്റൊരാള്‍ അവിടെ കയറി വരുമെന്നും അവര്‍ക്ക് ഭയമുണ്ട്. ഇതാണ് നമ്മുടെ നാട്ടില്‍ സംഭവിക്കുന്നത്,’ ആസാദ് പറഞ്ഞു.
കൂട്ടത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന സഖ്യങ്ങളെപ്പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഭരണത്തിലേറാന്‍ വേണ്ടി ഉണ്ടാക്കുന്ന സഖ്യങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിട്ടും ബംഗാളില്‍ പാര്‍ട്ടിക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന സഖ്യങ്ങളും ശേഷം നടക്കുന്ന സഖ്യങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. യഥാര്‍ത്ഥത്തില്‍ ഭരണത്തിലേറാന്‍ വേണ്ടിയും സഖ്യചര്‍ച്ചകളുണ്ടാകാറുണ്ട്. കോണ്‍ഗ്രസും, വാജ്പേയി സര്‍ക്കാറും സഖ്യമുണ്ടാക്കിയിട്ടുണ്ട്. മോദിക്ക് യഥാര്‍ത്ഥ്യത്തില്‍ സഖ്യമുണ്ടാക്കേണ്ട ആവശ്യമില്ല. എങ്കിലും അവരുടെ സഖ്യസര്‍ക്കാരല്ലെ അധികാരത്തിലിരിക്കുന്നത്.
സഖ്യമുണ്ടാക്കിയിട്ടും കോണ്‍ഗ്രസിന് ബംഗാളില്‍ എന്താണ് ചെയ്യാനായത്. പൂജ്യം സീറ്റ് വാങ്ങി മടങ്ങാനല്ലെ അവരുടെ വിധി. സഖ്യമുണ്ടാകുമ്പോള്‍ നിങ്ങള്‍ക്ക് പരസ്പരം വോട്ട് കൈമാറി മറ്റൊരാള്‍ക്ക് ഗുണമുണ്ടാക്കാന്‍ കഴിയണം. കോണ്‍ഗ്രസ് കാരണം തോല്‍ക്കേണ്ടി വന്ന സംസ്ഥാനങ്ങളുമുണ്ട്,’ അദ്ദേഹം പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ തന്റെ ആത്മകഥയില്‍ കോണ്‍ഗ്രസിനും നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഗുലാം നബി ആസാദ് ഉന്നയിച്ചത്. കോണ്‍ഗ്രസ് മറ്റാരുടെയോ റിമോര്‍ട്ട് കണ്‍ട്രോളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അടുത്ത കാലത്തൊന്നും അധികാരത്തിലെത്താന്‍ അവര്‍ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കാന്‍ വേണ്ടി നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ജയറാം രമേശ് തയ്യാറായില്ലെന്ന വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു.
Content Highlight: Gulam nabi azad comment on congress