ബെംഗളൂരു: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അറിയാവുന്ന കളിയെല്ലാം ബി.ജെ.പി കളിക്കെട്ടെയെന്നും എന്നാല്‍ ഇത്തവണ വിജയം കോണ്‍ഗ്രസിനൊപ്പമായിരിക്കുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ജെ.ഡി.എസിന് അവരുടെ എം.എല്‍.എമാരില്‍ പൂര്‍ണവിശ്വാസമുണ്ട്. ആരും പാര്‍ട്ടി വിട്ട് പുറത്തുപോവില്ല. ഇവരെയൊക്കെ ചാക്കിട്ട് പിടിക്കാന്‍ ബി.ജെ.പി ശ്രമിക്കട്ടെ. പക്ഷേ നടക്കില്ല അത് മാത്രമാണ് ഈ അവസരത്തില്‍ പറയാനുള്ളത്. കോണ്‍ഗ്രസിലെ ഒരൊറ്റ എം.എല്‍.എമാര്‍ പോലും ബി.ജെ.പിക്കൊപ്പം ചേരില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
Dont Miss ഗോമാതയെന്നും ഭാരത് മാതാ എന്നും മാത്രം പറഞ്ഞു ശീലിച്ച സംഘഭക്തര്‍ ഇപ്പോള്‍ പാര്‍ലമെന്ററി നടപടികള്‍, ജനാധിപത്യ മൂല്യങ്ങള്‍ തുടങ്ങിയ വാക്കുകള്‍ കൂടി ഉപയോഗിക്കുന്നു; പരിഹാസവുമായി സഞ്ജീവ് ഭട്ട്
ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന് പറയുന്ന ബി.ജെ.പിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള നമ്പര്‍ ഇതുവരെ തികഞ്ഞിട്ടില്ല. 104 സീറ്റാണ് അവര്‍ക്ക് ലഭിച്ചത്. കോണ്‍ഗ്രസിനും ജെ.ഡി.എസിനും കൂടി 117 സീറ്റുണ്ട്. ഗവര്‍ണര്‍ ആരുടേയും പക്ഷം പിടിക്കരുത്.
ജനാധിപത്യത്തെ സംരക്ഷിക്കുക എന്നതാണ് ഗവര്‍ണറുടെ ഏറ്റവും വലിയ ചുമതല. എന്നാല്‍ അത് ഇല്ലാതാക്കുന്ന തരത്തിലാണ് ഇപ്പോള്‍ ഗവര്‍ണറുടെ നടപടി. ബി.ജെ.പിയുമായോ ആര്‍.എസ്.എസുമായോ മുന്‍പുണ്ടായിരുന്ന ബന്ധം ഗവര്‍ണര്‍ അവസാനിപ്പിക്കണം- ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.
ബി.ജെ.പി അതിരുകടന്നാല്‍ തങ്ങള്‍ നോക്കിയിരിക്കില്ലെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബി.ജെ.പി, കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗങ്ങള്‍ ഇന്നു ചേരും. കൂടാതെ കോണ്‍ഗ്രസ്, ജെഡിഎസ് എം.എല്‍.എമാരുടെ സംയുക്തയോഗവും ഇന്നുതന്നെ ചേരും.