'2011ല്‍ യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് പോകാന്‍ ലീഗിന് പദ്ധതിയുണ്ടായിരുന്നു'
national news
'2011ല്‍ യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് പോകാന്‍ ലീഗിന് പദ്ധതിയുണ്ടായിരുന്നു'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th April 2023, 8:43 am

ന്യൂദല്‍ഹി: യു.ഡി.എഫ് മുന്നണി വിടാന്‍ മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നതായി ഗുലാം നബി ആസാദിന്റെ വെളിപ്പെടുത്തല്‍. 2011ലാണ് മുന്നണിയിലെ ചേരിപ്പോര് കാരണം യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് പോകാന്‍ ലീഗ് തീരുമാനിച്ചതെന്നും താനടക്കമുള്ള നേതാക്കളുടെ ഇടപെടലിലാണ് ലീഗിനെ മുന്നണിയില്‍ പിടിച്ച് നിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ആത്മകഥയായ ‘ആസാദ് ആന്‍ ഓട്ടോബയോഗ്രഫി’ എന്ന പുസ്തകത്തിലാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന പുതിയ വെളിപ്പെടുത്തല്‍ ഗുലാം നബി നടത്തിയിരിക്കുന്നത്.

എല്‍.ഡി.എഫ് കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മുസ്ലിം ലീഗിനെ ഇടതുപക്ഷ മുന്നണിയിലേക്ക് ക്ഷണിച്ച ഇ.പി. ജയരാജന്റെ പ്രസ്താവന വലിയ ചര്‍ച്ചക്ക് വഴി വെച്ചിരുന്നു. ഇതിനിടെ പുറത്ത് വന്ന ഗുലാം നബിയുടെ വെളിപ്പെടുത്തല്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.

‘ബെംഗളൂരുവില്‍ സോണിയാ ഗാന്ധിക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കവെ കേരളത്തില്‍ നിന്നൊരു പ്രവര്‍ത്തകന്‍ വിളിച്ച് ലീഗുമായുള്ള സഖ്യം എല്‍ഡിഎഫ് വരുന്ന ദിവസം പ്രഖ്യാപിക്കുമെന്ന വിവരം എന്നോട് പറഞ്ഞു. ഇത് സംബന്ധിച്ച് എനിക്ക് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അടുത്ത വിമാനത്തിന് തന്നെ ഞാന്‍ കോഴിക്കോട് എത്തി, അവിടെ നിന്ന് പാണക്കാടേക്ക് പോയി. പിറ്റേന്ന് പെരുന്നാള്‍ ദിനമായിരുന്നു. അന്ന് ഒരു മുതിര്‍ന്ന എല്‍ഡിഎഫ് നേതാവ് വീട്ടിലെത്തി ഇടതുമുന്നണിയുമായുള്ള സഖ്യം പ്രഖ്യാപിക്കുമെന്ന് എന്നോട് പറഞ്ഞു.

കെ. കരുണാകരനും എ.കെ ആന്റണിയുമായുള്ള ഗ്രൂപ്പ് യുദ്ധത്തില്‍ മടുത്തുവെന്ന് തങ്ങള്‍ പറഞ്ഞു. പ്രശ്നപരിഹാരത്തിന് താന്‍ മുന്‍കൈയെടുക്കുമെന്ന് അവിടെ വെച്ച് ഞാന്‍ തങ്ങള്‍ക്ക് ഉറപ്പുനല്‍കി. പിറ്റേന്ന് പെരുന്നാള്‍ നമസ്‌കാരത്തിന് തന്നെ തങ്ങളോടൊപ്പം കണ്ട മാധ്യമപ്രവര്‍ത്തകര്‍ എന്റെ സന്ദര്‍ശനത്തെക്കുറിച്ച് ആരാഞ്ഞു.

പെരുന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ എത്തിയതാണെന്നും വരുന്ന തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടുമെന്നും മറുപടി നല്‍കി. തങ്ങള്‍ ആ വാക്കുകളെ പിന്തുണച്ചതോടെ സഖ്യം ഉറച്ചു,’ ഗുലാം നബി ആത്മകഥയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ വെച്ച് പുറത്തിറക്കിയ തന്റെ ആത്മകഥയില്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഗുലാം നബി നടത്തിയിട്ടുള്ളത്. കോണ്‍ഗ്രസിനകത്ത് ഉയര്‍ന്ന് വന്ന ജി-23 ഗ്രൂപ്പിലെ അംഗം കൂടിയായ അദ്ദേഹം 2022ലാണ് പാര്‍ട്ടി വിട്ടത്.

രാഹുല്‍ ഗാന്ധിയാണ് താന്‍ പാര്‍ട്ടി വിടാനുള്ള കാരണമെന്നും ഗുലാം നബി പറഞ്ഞിരുന്നു. പിന്നീട് നടന്ന ചാനല്‍ ചര്‍ച്ചകളിലടക്കം കോണ്‍ഗ്രസിലെ ചേരിപ്പോരുകളെയും നേതാക്കളെയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്.

അതിനിടെ കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധിക്ക് വിദേശ വ്യവസായികളുമായി ബന്ധമുണ്ടെന്ന ഗുലാം നബിയുടെ വെളിപ്പെടുത്തല്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.

രാഹുലിന് ആരോടെല്ലാം ബന്ധമുണ്ടെന്ന് തനിക്കറിയാമെന്നും വിദേശത്ത് വെച്ച് രാഹുല്‍ കളങ്കിത വ്യവസായികളെ കാണുന്നത് തനിക്കറിയാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രസ്താവനക്ക് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പിയും രംഗത്തെത്തിയിരുന്നു.

പാര്‍ട്ടി വിട്ടതിന് ശേഷം കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും നരേന്ദ്ര മോദിയെ പുകഴ്ത്തുകയും ചെയ്യുന്ന സമീപനമാണ് ഗുലാം നബി നടത്തുന്നത്. എന്നാല്‍ മോദിയോടുള്ള വിധേയത്വം കാണിക്കാനാണ് ഓരോ ദിവസവും പുതിയ വിവാദങ്ങളുമായി ഗുലാം നബി രംഗത്തെത്തുന്നതെന്നാണ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം.

രാജ്യസഭ എം.പി സ്ഥാനം ഒഴിഞ്ഞിട്ടും ദല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിയാന്‍ ഗുലാം നബിയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടാത്തത് ഈ വിധേയത്വം കാരണമാണെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു

Content Highlight: gulam nabi azad comment about Muslim league