| Wednesday, 5th April 2023, 9:59 am

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചപ്പോള്‍ ജയറാം രമേശ് പ്രതിഷേധങ്ങളില്‍ നിന്ന് വിട്ടുനിന്നു; അദ്ദേഹം അതിനെ അനുകൂലിക്കുന്നുണ്ടാകാം; വിമര്‍ശനവുമായി ഗുലാം നബി ആസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന ഗുലാം നബി ആസാദിന്റെ അത്മകഥയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം. ‘ആസാദ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലത്തെ തന്റെ രാഷ്ട്രീയ ജീവിതമാണ് ഗുലാം നബി ആസാദ് എഴുതിയിരിക്കുന്നത്. പുസ്തകത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ആസാദ് ഉന്നയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനെതിരെ പുസ്തകത്തില്‍ ആസാദ് രംഗത്ത് വരുന്നുണ്ട്. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച സമയത്ത് പാര്‍ലമെന്റില്‍ നടന്ന പ്രതിഷേധങ്ങളില്‍ നിന്ന് ജയറാം രമേശ് ഒഴിഞ്ഞു നിന്നു എന്നാണ് പുസ്തകത്തില്‍ ആരോപിക്കുന്നത്.

‘കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കാനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും തീരുമാനിച്ചപ്പോള്‍ ഞാന്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷത്തോട് പ്രതിഷേധ ധര്‍ണക്ക് തയ്യാറെടുക്കാന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിക്കാരോട് ധര്‍ണയില്‍ പങ്കെടുക്കാന്‍ പറഞ്ഞു. ജയറാം രമേശ് ഒഴികെ മറ്റുള്ളവരെല്ലാം വന്ന് ധര്‍ണയില്‍ പങ്കെടുത്തു. എന്നാല്‍ അദ്ദേഹം തന്റെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കുകയോ പ്രതിഷേധിക്കുകയോ ചെയ്തില്ല,’ ആസാദ് പറഞ്ഞു. ജയറാം രമേശ് ഒരുപക്ഷേ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിനെ അനുകൂലിക്കുന്നുണ്ടാകാമെന്നും ആസാദ് പറയുന്നു.

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനപ്പുറവും ബി.ജെ.പിയുമായി തനിക്ക് എതിര്‍പ്പുകളുണ്ടെന്നും ആസാദ് പറഞ്ഞു. അധികാരത്തിലിരിക്കുന്ന ഒരു പാര്‍ട്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളും ശരിയാണെന്നോ, എല്ലാ കാര്യങ്ങളും തെറ്റാണെന്നോ പറയാനാകില്ലെന്നാണ് ആസാദ് അഭിപ്രായപ്പെട്ടത്.

ജയറാം രമേശിനെക്കൂടാതെ സല്‍മാന്‍ ഖുര്‍ഷിദിനെതിരെയും പുസ്തകത്തില്‍ വിമര്‍ശനങ്ങളുണ്ട്.
പുസ്തക പ്രകാശനത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി ശരിയല്ലെന്ന് ആസാദ് പറഞ്ഞു. നടപടി ജനാധിപത്യത്തെ മോശമായി ബാധിക്കുന്ന ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തിരുത്തല്‍വാദ സംഘമായ ജി 23യുടെ ഭാഗമായിരുന്ന ആസാദ്, പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി നല്‍കിയ നിര്‍ദേശങ്ങളൊന്നും തന്നെ നേതൃത്വം മുഖവിലക്കെടുക്കുന്നില്ല എന്നാരോപിച്ചാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചത്.

Contemt Highlights: gulam nabi azad against jayaram ramesh

We use cookies to give you the best possible experience. Learn more