അഹമ്മദാബാദ്: യേശുക്രിസ്തുവിനെ പിശാച് എന്ന് അഭിസംബോധന ചെയ്ത് ഗുജറാത്തി പാഠപുസ്തകം. ഗുജറാത്തില്‍ ക്രിസ്തീയ മത വിശ്വാസികളുടെ കടുത്ത പ്രതിഷേധം ഇതിനെതിരെ ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. പാഠഭാഗം പിന്‍വലിക്കുകയോ പാഠപുസ്തകം തന്നെ പിന്‍വലിക്കുകയോ വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
ഒമ്പതാം ക്ലാസിലെ ഹിന്ദി പുസ്തകത്തിലാണ് ഇത്തരമൊരു തെറ്റ് കടന്നുകൂടിയിരിക്കുന്നത്. ഇസ് സംബന്ധ് മേം ഹെവാന്‍ ഈസ കാ ഏക് കഥന്‍ സദാ സ്മരണീയ് ഹൈ(ഈ പശ്ചാത്തലത്തില്‍ പിശാചായ യേശുവമായി ബന്ധപ്പെട്ട ഒരു സംഭവം ഇപ്പോഴും ഓര്‍മ്മിക്കപ്പെടുന്നതാണ്) -എന്നാണ് വിവാദമായ പരാമര്‍ശം. അതേസമയം സംഭവിച്ചത് അച്ചടിപ്പിശകാണെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
എന്നാല്‍ ഒരു മാസം മുമ്പേ തങ്ങള്‍ ഇത് ചൂണ്ടിക്കാട്ടിയതാണെന്നും ഇതുവരെ തിരുത്താന്‍ തയാറാകുന്നില്ലെന്നും ഗുജറാത്തിലെ കാത്തലിക് ചര്‍ച്ച് വക്താവ് വ്യക്തമാക്കുന്നു. അക്ഷരത്തെറ്റ് വന്നതാണെങ്കില്‍ തിരുത്താന്‍ ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പും ഓള്‍ ഗുജറാത്ത് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ പ്രസിഡന്റുമായ തോമസ് മക്വാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വിവാദത്തിന്റെ കാര്യമേയില്ലെന്നാണ് ഗുജറാത്ത് വിദ്യഭ്യാസ മന്ത്രി ഭൂപേന്ദ്ര സിംഗ് പറയുന്നത്. അമേരിക്കയില്‍ ജപ്പാന്‍ അണുബോംബിട്ടുവെന്നും മഹാത്മജിയുടെ ചരമദിനം തെറ്റിച്ച് കൊടുത്തതുമെല്ലാം ഇതിനുമുമ്പും ഗുരുതരമായ പിശക് ഗുജറാത്ത് പാഠപുസ്തകത്തില്‍ സംഭവിച്ചതും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.